‘എടാ…., മക്കളേ…’; ഭരത് ഗോപിയുമായുള്ള ഓര്‍മകള്‍ പങ്കുവച്ച് മോഹന്‍ലാല്‍

മലയാളത്തിന്റെ അതുല്യനടന്‍ മോഹന്‍ലാല്‍ അഭിനയകലയുടെ ചൈതന്യമായിരുന്ന ഭരത് ഗോപിയുമായുള്ള ഓര്‍മകള്‍ പങ്കുവച്ചത് ആരാധകര്‍ക്കിടയില്‍ വലിയ സ്വീകരണം ലഭിച്ചു. എടാ…., മക്കളേ… എന്ന സ്‌നേഹപൂര്‍ണമായ ഗോപിച്ചേട്ടന്റെ വിളിയില്‍ എല്ലാമുണ്ടായിരുന്നെന്നു മോഹന്‍ലാല്‍ ഓര്‍ക്കുന്നു. കര്‍ണഭാരത്തിന്റെ റിഹേഴ്‌സല്‍ കണ്ട ഗോപിച്ചേട്ടന്‍ കണ്ണു നിറഞ്ഞ് തന്നെ കെട്ടിപ്പിടിച്ചു – ഞാനെന്റെ കര്‍ണനെ കണ്ടെടാ- എന്നു പറഞ്ഞെന്നും മോഹന്‍ലാല്‍.

അഭിനയം പ്രാണവായു പോലെ കണ്ടിരുന്ന ഗോപിച്ചേട്ടന്‍ തളര്‍ന്നുവീണു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതായിരുന്നു. ആ സമയങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോയില്ല. കാഴ്ചവസ്തുവായി തന്നെ കാണുന്നത് ഗോപിച്ചേട്ടന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നു സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞു. അക്കാരണത്താലാണ് അദ്ദേഹത്തെ കാണാന്‍ പോകാതിരുന്നത്. ഒരു വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തെ കാണാന്‍ പോകുന്നത്. കഷായത്തിന്റെയും കുഴമ്പിന്റെയും മണമുള്ള ആ മുറിയിലേക്ക് കടന്നുചെല്ലുമ്പോള്‍ അവിടെ ആ സമയത്ത് ആരുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൈ പിടിച്ചു. ഒരു കൊച്ചു കുട്ടിയെപ്പോലെ ആശുപത്രി വരാന്തയിലൂടെ എന്റെയൊപ്പം ഗോപിച്ചേട്ടന്‍ നടന്നു. ആശുപത്രി വാസത്തെക്കുറിച്ചും രോഗത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

അഭിനയത്തിലേക്കു തിരിച്ചെത്തിയ ഗോപിച്ചേട്ടനൊപ്പം ആകാശഗോപുരത്തിലും രസതന്ത്രത്തിലും അഭിനയിച്ചു. ലൊക്കേഷനില്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ കൈപിടിക്കാന്‍ ഞാനുണ്ടോ എന്ന് അദ്ദേഹം നോക്കുമായിരുന്നു. ആ സമയം ഞാനവിടെയുണ്ടെങ്കില്‍ ഓടിച്ചെന്ന് കൈപിടിച്ച് കൂട്ടിക്കൊണ്ടുവരും. ചിത്രീകരണ വേളയില്‍ ഗോപിച്ചേട്ടനിലെ നടന്റെ ഊര്‍ജം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *