‘എഐ വഴി നിര്‍മിച്ച ഉള്ളടക്കം പ്രചരിപ്പിക്കുന്നവരോട് സഹതാപം, സാങ്കേതിക വിദ്യ ഒരാളുടെ ജീവിതം മോശമാക്കാനുള്ളതല്ല’; പ്രഗ്യ നാഗ്ര

‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രഗ്യ നാഗ്ര. തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തശേഷമാണ് ഹരിയാണയിലെ അംബാല സ്വദേശിയായ പ്രഗ്യ മലയാള ചിത്രത്തിലെത്തുന്നത്. ഇതിന് പിന്നാലെ താരത്തിന്റെ സ്വകാര്യ വീഡിയോ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രഗ്യ. ചില ദുഷ്ട മനസുകള്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ നടി വ്യക്തമാക്കുന്നു. ഇപ്പോഴും ഇത് അംഗീകരിക്കാനായിട്ടില്ലെന്നും കരുത്തയായി ഇരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും നടി പറയുന്നു.

‘എനിക്ക് ഇപ്പോഴും ഇത് അംഗീകരിക്കാനായിട്ടില്ല. ഞാന്‍ ഉണരുമ്പോള്‍ അവസാനിക്കുന്ന ഒരു ദുഃസ്വപ്നമാണ് ഇതെന്നാണ് ഞാന്‍ എപ്പോഴും കരുതുന്നത്. ആളുകളെ സഹായിക്കാനുള്ളതാണ് സാങ്കേതിക വിദ്യ. അതല്ലാതെ ഒരാളുടെ ജീവിതം മോശമാക്കാനുള്ളതല്ല. എഐ വഴി നിര്‍മിച്ച ഉള്ളടക്കം പ്രചരിപ്പിക്കുന്ന ദുഷ്ട മനസുകളോട് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാനാണ്. ഈ ആരോപണങ്ങളിലെല്ലാം ശക്തമായി നിലകൊള്ളാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈ പ്രതിസന്ധി സമയത്ത് എനിക്കൊപ്പംനിന്ന എല്ലാവരോടും നന്ദിയുണ്ട്. മറ്റൊരു സ്ത്രീക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാകരുത്. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു.’-പ്രഗ്യ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *