ഇന്ന് സിനിമയേക്കാളും കാശ് പലർക്കും ഉദ്ഘാടനത്തിന് പോയാൽ കിട്ടും; മല്ലികാ സുകുമാരൻ

ഇന്നത്തെ അഭിനേതാക്കളിൽ പലരും സിനിമയെന്നത് തങ്ങളുടെ ചോറാണ്, അന്നമാണ് എന്ന് കരുതുന്നതിൽ നിന്ന് ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നുവെന്ന് നടി മല്ലികാ സുകുമാരൻ. കൗമുദി മൂവീസിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

‘ഇപ്പോൾ സിനിമ എന്നുപറഞ്ഞാൽ ഗ്‌ളാമർ, പൈസ, പേരും പ്രശസ്തിയും, സമൂഹത്തിൽ ഇറങ്ങിനടക്കുമ്പോൾ കിട്ടുന്ന ആരാധന ഇതൊക്കെയാണ് പുതിയ തലമുറയിലെ പല അഭിനേതാക്കൾക്കും വലിയ കാര്യം. എന്നാൽ ഞങ്ങളുടെ കാലത്ത് അങ്ങനെയായിരുന്നില്ല. സിനിമയിൽ അഭിനയിച്ച് കിട്ടുന്നത് ഞങ്ങളുടെ വരുമാനമായിരുന്നു. നിത്യച്ചെലവിനുള്ള കാശായിരുന്നു. ഇന്നിപ്പോൾ സിനിമയേക്കാളും കാശ് പലർക്കും ഉദ്ഘാടനത്തിന് പോയാൽ കിട്ടുന്നുണ്ട്. കാലം മാറിയതിന്റെ ഒരുപാട് വ്യത്യാസങ്ങൾ ഇപ്പോഴുണ്ട്’ മല്ലിക സുകുമാരൻ പറഞ്ഞു.

നടൻ ജയനെ ‘ജയൻ സർ’ എന്ന് എന്തുകൊണ്ട് വിളിക്കുന്നില്ലെന്ന് ഒരാൾ അടുത്തിടെ കമന്റ് ഇട്ടുവെന്നും നടി പറഞ്ഞു. ‘എന്റെ പൊന്ന് മോനെ, അത് ആര് എഴുതിയതായാലും നിനക്ക് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് എഴുതിയതാണ്. കാരണം ജയൻ വയസുകൊണ്ടും എന്നെക്കാൾ ചെറുപ്പമായിരുന്നു. എന്നെ ചേച്ചിയെന്ന് ബഹുമാനത്തോടെ വിളിക്കുന്ന അനിയനായിരുന്നു അദ്ദേഹം. എന്തെങ്കിലും വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന് പറയുന്നതുപോലെ മിക്കവരും എഴുതും. ഇതൊക്കെ വായിക്കുമ്പോൾ ചിരിയാണ് വരുന്നത്. അത്രയ്ക്ക് വിവരമേ ഉള്ളൂവെന്ന് കരുതും’- നടി മനസുതുറന്നു.

Leave a Reply

Your email address will not be published. Required fields are marked *