ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ ചാവുമോ?

ആഫ്രിക്കയില്‍ നിന്ന് എത്തിച്ച ചീറ്റകള്‍ ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൂര്‍ണമായും ഇണങ്ങി ജീവിക്കുമോ എന്നതില്‍ സംശയിക്കുന്നതായി വനം-വന്യജീവി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍. ചീറ്റകള്‍ ചാവുമെന്നു ഭയക്കുന്നതായും ബംഗളൂരുവില്‍ നിന്നുള്ള വന്യജീവി ജീവശാസ്ത്രജ്ഞന്‍ ഉല്ലാസ് കാരന്ത് അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റകളെ തുറന്നുവിടുന്നതില്‍ ശാസ്ത്രീയമായ പഠനങ്ങളോ വിലയിരുത്തലുകളോ ഉണ്ടായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയെന്നും കാരന്ത് പറഞ്ഞു.

ചീറ്റകളെ ഉള്‍ക്കൊള്ളാനുള്ള വിസ്തീര്‍ണം കുനോയ്ക്കില്ല. 748 ചതുശ്ര കിലോമീറ്ററാണ് കുനോയുടെ വിസ്തീര്‍ണം. മറ്റു മൃഗങ്ങളും കുനോയിലുണ്ട്. വനത്തിനോടു ചേര്‍ന്ന് മനുഷ്യവാസമുള്ള ഗ്രാമങ്ങളുമുണ്ട്. ഇതെല്ലാം ചീറ്റയുടെ ജീവന്‍ അപകടത്തിലാക്കും. ചീറ്റകള്‍ക്കായി മറ്റൊരിടം കണ്ടെത്തുകയായിരുന്നു ഉചിതം. വംശനാശം നേരിടുന്ന ജീവിവര്‍ഗത്തില്‍പ്പെട്ട ചീറ്റകളെ രാജ്യത്തെത്തിച്ച് കൊന്നുകളയുന്ന രീതിയിലായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്നും കാരന്ത് അഭിപ്രായപ്പെട്ടു.

90 കോടി മുടക്കിയാണ് ആഫ്രിക്കന്‍ രാജ്യമായ നമീബയില്‍ നിന്ന് നാലു ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ അദ്ദേഹം തന്നെ ചീറ്റകളെ കുനോയിലേക്കു തുറന്നുവിടുകയും ചെയ്തു. പ്രത്യേകം സജ്ജമാക്കിയ മേഖലയിലേക്കാണ് ചീറ്റകളെ ആദ്യം തുറന്നുവിട്ടത്. ചീറ്റകളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും വന്യജീവി വിദഗ്ധരും കുനോയില്‍ ഉണ്ട്. കുനോയിലെത്തിയ ചീറ്റകള്‍ ഇന്ത്യന്‍ സാഹചര്യവുമായി ഇണങ്ങിത്തുടങ്ങുകയും ഇരപിടിക്കാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

ചീറ്റകള്‍ ഇന്ത്യയിലെത്തിയതോടെ മുടങ്ങാതെയുള്ള 13 വര്‍ഷത്തെ പ്രയത്‌നമാണ് സാക്ഷാത്കരിച്ചത്. 2009-ലാണ് രാജ്യത്ത് ചീറ്റകളെ എത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. 1952-ലാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്കു വംശനാശം സംഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമുള്ള ചീറ്റകള്‍ക്ക് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ സാധിക്കും. വംശനാശ ഭീഷണിയുള്ള ജീവികളായി കണക്കാക്കുന്ന ചീറ്റകളില്‍ വെറും 7000 എണ്ണം മാത്രമാണ് ഇന്നു ലോകത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *