ഇനി താമസം വാടകയ്ക്ക്; സ്വന്തം വീട് വിടാനൊരുങ്ങി ഷാരൂഖ് ഖാൻ

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇടയ്ക്കിടെ ആരാധകർക്ക് സന്ദർശനം നൽകുന്നത് ഈ വസതിയ്ക്ക് മുകളിൽ നിന്നാണ്. 27,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് മന്നത്ത് വസതി.

സൂപ്പർതാരത്തിന്റെ ഭാര്യ ഗൗരി ഖാൻ തന്നെയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒന്നിലധികം കിടപ്പുമുറികൾ, ലൈബ്രറി, ജിം, സ്വകാര്യ ഓഡിറ്റോറിയം തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ മാളികയിൽ ഉണ്ട്. ഇപ്പോഴിതാ ഷാരൂഖ് തന്റെ കുടുംബവുമായി മന്നത്ത് വിടുന്നുവെന്നാണ് റിപ്പോർട്ട്. മന്നത്ത് കൂടുതൽ നവീകരിക്കുന്നതിനാണ് താരം താൽക്കാലത്തേക്ക് മാറി താമസിക്കുന്നത്.

മാറി താമസിക്കാൻ രണ്ട് അപ്പാർട്ട്മെന്റുകൾ താരം വാടകയ്ക്ക് വാങ്ങിയിട്ടുണ്ട്. ഒന്ന് പാലി ഹിൽസിലെ ആഡംബര അപ്പാർമെന്റാണ്. ചലച്ചിത്ര നിർമ്മാതാവ് ജാക്കി ദഗ്നാനിയുടെയും ദീപിഷിക ദേശ്മുഖിന്റെയും ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റാണ് ഷാരൂഖ് പ്രതിമാസം 11.54 ലക്ഷം രൂപയ്ക്ക് വാടയ്ക്ക് എടുത്തിരിക്കുന്നത്. രണ്ടാമത്തേത് വാഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള അപ്പാർമെന്റാണ്. പ്രതിമാസം 12.61 ലക്ഷം രൂപയാണ് ഇതിന്റെ വാടക.

പുതുക്കിപ്പണിയുന്നതിന്റെ ജോലികൾ മേയിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഇതിന് മുൻപ് ഷാരൂഖ് കുടുംബത്തോടോപ്പം താമസം മാറും. നടന്റെ സുരക്ഷ ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും താമസിക്കാനും പുതിയ അപ്പാർട്ട്മെന്റിൽ സ്ഥലം ഉണ്ടായിരിക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *