‘ആ സംവിധായകനോട് അക്കാലത്തു ആരാധനയായിരുന്നു, എന്നാൽ അനുഭവിക്കേണ്ടി വന്നത് വലിയ ചെറ്റത്തരങ്ങൾ’; മനു ജഗത്

സിനിമാമേഖലയിൽ നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് കലാസംവിധായകൻ മനു ജഗത്. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ് എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് മനു ജഗത് ദുരനുഭവം തുറന്നുപറഞ്ഞത്. ഷൂട്ടിങ്ങിനായി ചെന്നൈയിൽനിന്നു അർദ്ധരാത്രി തൃശൂരിലെത്തിയ തനിക്ക് താമസിക്കാൻ തന്നത് പൊലീസ് കേസിലുള്ള ഒരു ഹോട്ടൽ ആയിരുന്നുവെന്ന് മനു ജഗത് പങ്കുവച്ച കുറിപ്പിൽ പറയുന്നു.

സംവിധായകനോടുള്ള ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും മാത്രമാണ് സിനിമയ്ക്കൊപ്പം നിന്നതെന്നും പിന്നെ ആ സിനിമയിൽ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങൾ ആണെന്നും ഇതെല്ലാം അവസാനിക്കണമെന്നും മനു ജഗത് കുറച്ചു.

മനു ജഗതിന്റെ കുറിപ്പ്

ഒരു സിനിമയ്ക്കു ഒരു പ്രൊഡക്ഷൻ കൺട്രോളർ എനിക്ക് അനുവദിച്ചു തന്ന ഒരു ഹോട്ടൽ. ആർട്ട് ഡയറക്ടർ എന്ന രീതിയിൽ ചെന്നൈയിൽ നിന്നും അർധരാത്രി തൃശൂർ റൗണ്ടിൽ എത്തിയ എനിക്ക് പ്രൊഡക്ഷൻ കൺട്രോളരുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ asst ആയ പ്രൊഡക്ഷൻ മാനേജർ കൊണ്ട് ചെന്ന താമസിക്കാനുള്ള സ്ഥലം.

പാതിരാത്രി പ്രസ്തുത ബിൽഡിങ്ങിന് താഴെ ചെന്ന് നിന്നപ്പോ കണ്ട രസകരമായ കാര്യം ആ ബിൽഡിങ്ങിന് മുന്നിൽ ഉണങ്ങിക്കരിഞ്ഞ കുറച്ചു പാം ചെടികൾ അതിനെയൊക്കെ ബന്ധിച്ചു ഒരു പോലീസ് റിബൺ. മുൻവശത്തൊക്കെ കരിയിലകളും മറ്റും കൂടികിടക്കുന്നു.. ലൈറ്റ് ഒന്നും തന്നെ കാണുന്നില്ല. അപ്പഴും കരുതിയത് വല്ല സിനിമ ഷൂട്ടിങ്ങും കഴിഞ്ഞതിന്റെ ലക്ഷണമാണോ എന്നാണ്. പിന്നെ ഒരു ലൈറ്റ് പോലും കാണാനില്ല. രാത്രിയല്ലേ ഇനി ഉറക്കമാവാം എന്ന് കരുതി. ഇത്തിരി നേരം വെയ്റ്റ് ചെയ്തപ്പോ ഒരു പ്രായം ചെന്നൊരു ഒരു മനുഷ്യൻ ഒരു ചാവികൂട്ടവുമായി അവിടെ എത്തുന്നു. ഇതെങ്ങനെ ഈ ഹോട്ടലിൽ നിങ്ങൾ എത്തി എന്ന് ഞങ്ങളോട് ചോദിക്കുന്നു. അപ്പോൾ ഞാൻ സംശയത്തോടെ എന്റൊപ്പമുള്ള പ്രൊഡക്ഷൻ മാനേജരെ നോക്കുന്നു. അദ്ദേഹം അതേ ഭാവത്തിൽ എന്നെയും. അയാളുടെ പിന്നാലെ ഞങ്ങൾ ഹോട്ടലിന്റെ മെയിൻ ഡോർ തുറന്നു അകത്തേയ്ക്കു..

ചേട്ടാ ഇവിടെയാരും താമസമില്ലേയെന്ന എന്റെ ചോദ്യത്തിന് എന്റെ പൊന്നു സാറെ ഇതൊരു പോലീസ് കേസിൽ കിടക്കുന്ന പ്രോപ്പർട്ടിയാണ് അതല്ലേ ഞാനാദ്യമേ ചോദിച്ചെന്നു അങ്ങേർ. റൂംസ് മുകളിലാ എന്നദ്ദേഹം പറഞ്ഞപ്പോ ലിഫ്റ്റിനരികിലേയ്ക് നീങ്ങിയ ഞങ്ങളോട് അദ്ദേഹം ഇവിടെ കറണ്ടോ വെള്ളമോ ഇല്ല എന്ന് പറഞ്ഞു. ഞങ്ങളേം കൊണ്ട് 1st ഫ്ലോറിൽ കയറി. ആ കെട്ടിടം മുഴുവൻ സഹിക്കാൻ പറ്റാത്ത ഒരുവല്ലാത്ത മണം മുകളിൽ ഒരു റൂം തുറന്നു തന്നു. റൂം തുറന്നപ്പോ കുറെ പ്രാവുകളോ എന്തൊക്കെയോ ചിറകടിച്ചു തുറന്നുകിടന്ന ജനൽ വഴി പുറത്തേയ്ക്. മൊബൈൽ വെളിച്ചത്തിൽ നോക്കിയപ്പോൾ ഫ്ലോർ കാർപെറ്റ് ഉൾപ്പെടെ ചുരുട്ടിക്കൂട്ടി കട്ടിലിൽ. റൂം മുഴുവൻ അസഹനീയമായ മണം. തുറന്ന ജനലിലൂടെ വലിയ ശബ്ദത്തോടെ തൊട്ടപ്പുറത്തു പൈലിംഗ് നടക്കുന്ന ഏതോ കെട്ടിട നിർമാണം. എന്നോട് കൂടെയുള്ള പ്രൊഡക്ഷൻ മാനേജർ പറഞ്ഞു ചേട്ടൻ ഇങ്ങുവന്നേ എന്നെ പിടിച്ചിറക്കി വെളിയിൽ കൊണ്ടുപോയി അദ്ദേഹം പറഞ്ഞു ചേട്ടാ ഞാൻ നിസ്സഹായനാണ്. ക്ഷമിക്കണം ചേട്ടൻ എങ്ങനേലും അഡ്ജസ്റ്റ് ചെയ്യണം. എന്റെ മുകളിലുള്ളവർ പറഞ്ഞത് അനുസരിക്കാനേ എനിക്ക് പറ്റു… അദ്ദേഹത്തോട് ഞാൻ പറഞ്ഞു പോയ്കോള്ളൂ..

എനിക്ക് ആ സംവിധായകനോട് അക്കാലത്തു ആരാധനയായിരുന്നു.. ആ സിനിമയോടും. ഒരു ചീഫ് ടെക്‌നിഷൻ ആയ എനിക്കിതാണ് അനുഭവം. ഇവിടെ ഇത്തരം ചെറ്റത്തരങ്ങൾ അവസാനിക്കണം. എനിക്കിന്നും മനസ്സിലാകാത്ത ഒരു കാര്യം പോലീസ് കേസിലുള്ള ഒരു ഹോട്ടൽ ഏതു സ്വാധീനത്തിലാണ് ഈ കൺട്രോളർ എനിക്ക് വേണ്ടി ok ആക്കിയത് എന്നാണ്.

പിന്നെ ആ സിനിമയിൽ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങൾ. ആ ഡയറക്ടറോടുള്ള എന്റെ ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും സിനിമയ്ക്കൊപ്പം നിന്നെന്നുമാത്രം. വ്യക്തിതാല്പര്യങ്ങൾ കൊണ്ട് ആരെയും ഇല്ലാതാക്കാൻ ഇത്തരം ആൾക്കാർ ഏതു ലെവൽ വരെയും പോകും. എന്തായാലും നല്ലൊരു മാറ്റം ഈ മേഖലയിൽ അത്യാവശ്യം ആണ്. വൈകിയെങ്കിലും തൊഴിലാളി സുരക്ഷ ഉറപ്പാക്കാൻ കെല്പുള്ള സംഘടനകളും നേതൃത്വവും വരട്ടെ…

Leave a Reply

Your email address will not be published. Required fields are marked *