ആ കിടപ്പറ സീൻ കണ്ട് തിയറ്ററിലിരുന്ന ഭാര്യ പൊട്ടിക്കരഞ്ഞു: ടി.ജി. രവി

വില്ലൻ കഥാപാത്രങ്ങൾക്കു പുതിയ മാനങ്ങൾ നൽകിയ നടനാണ് ടി.ജി. രവി. സ്‌ക്രീനിൽ രവിയെ കാണിക്കുമ്പോൾ തന്നെ ഒരു ബലാത്സംഗം ഉറപ്പ് എന്നു കാണികൾ വിളിച്ചുപറഞ്ഞിരുന്നതായി പഴയ തലമുറയിലെ ആളുകൾ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഒരു സീൻ രവിയുടെ ഭാര്യയെ കരയിച്ചു. അതിനെക്കുറിച്ചു പറയുകയാണ് ടി.ജി. രവി:

‘കിടപ്പറ സീനുകളിൽ ഞാൻ അഭിനയിക്കുന്നതു കണ്ടാൽ ഭാര്യയ്ക്കു യാതൊരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ ഒരിക്കൽ ഭാര്യയ്ക്കു കരയേണ്ട സാഹചര്യമുണ്ടായി. അതിന് വഴിയൊരുക്കിയ സംവിധായകനെ പിന്നീടു തല്ലുകയും ചെയ്തു. സ്ത്രീകളെ ഉപദ്രവിക്കുന്ന കഥാപാത്രങ്ങളാണ് ഞാൻ സിനിമയിൽ അഭിനയിച്ചതിൽ കൂടുതലും. ഇക്കാര്യം ചൂണ്ടി കാണിച്ച് എൻറെ ഭാര്യയ്ക്ക് വിഷമം ഉണ്ടാക്കാൻ വേണ്ടി പലരും ശ്രമിച്ചു നോക്കിയിട്ടുണ്ട്. വേണ്ടപ്പെട്ടവരായിട്ടുള്ള ആളുകളൊക്കെ ഭാര്യയോടു ചോദ്യങ്ങളുമായി വരും. ഇതൊന്നും കണ്ടിട്ട് കുട്ടിക്കു വിഷമം തോന്നുന്നില്ലേ എന്നാണ് അവർ ചോദിക്കുന്നത്. എന്നാൽ അതൊന്നും ഞങ്ങളെ ബാധിച്ചില്ല.

സഹോദരഭാര്യയുടെ അനിയത്തിയായതുകൊണ്ട് പ്രണയവിവാഹം നടത്തിയതിൽ കാര്യമായ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. മാത്രമല്ല ഭാര്യയ്ക്ക് എന്നെ അറിയാമായിരുന്നു. ഞങ്ങൾ ഒരുമിച്ച് സിനിമ കാണാൻ പോവാറുണ്ട്. ഞാൻ അഭിനയിച്ച സിനിമകളും കാണുമായിരുന്നു. ഒരിക്കൽ ഞങ്ങൾ രണ്ടുപേരും കൂടി തിയേറ്ററിൽ സിനിമ കാണാൻ പോയി. അതിൽ ഞാനഭിനയിച്ച ഒരു കിടപ്പറ രംഗമുണ്ട്. ഞാൻ അഭിനയിക്കുമ്പോൾ ചെറിയൊരു സീനാണത്. അതിൽ ഡീറ്റെയിലായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. ആ സീനിൽ നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് പോവുകയാണുണ്ടായത്.

പക്ഷേ സിനിമ തിയേറ്ററിൽ വന്നപ്പോൾ അതൊരു മുഴുനീള കിടപ്പറ രംഗമായി. ഞാൻ അഭിനയിക്കാത്തതൊക്കെ അതിലുണ്ടായിരുന്നു. അന്നാണ് ഞാൻ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ആദ്യമായി എൻറെ ഭാര്യ കരഞ്ഞുപോയത്. അതെനിക്ക് സങ്കടമായി. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ഞങ്ങൾ ഇറങ്ങിപ്പോന്നു. വല്ലാതെ അതു വേദനിപ്പിച്ചു. ഞാനല്ലെന്ന ബോധ്യം അവർക്കുണ്ട്. പക്ഷേ പബ്ലിക്കിനു മുന്നിൽ വരുന്നതും എല്ലാവരും കാണുന്നതു കൊണ്ടും അവർക്കു വലിയ പ്രയാസമുണ്ടായി. ഒരു വൈരാഗ്യമായി തന്നെ അതെൻറെ മനസിൽ കിടക്കുന്നു.

ഒരിക്കൽ മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയിൽ വച്ച് ആ സംവിധായകനെ കണ്ടു. കുശലമൊക്കെ പറഞ്ഞു ഒരു മൂലയിലേക്കു മാറ്റിനിർത്തി കരണക്കുറ്റിക്കു രണ്ടെണ്ണം പൊട്ടിച്ചു. ആരും അറിയണ്ട. അറിഞ്ഞാൽ എനിക്കല്ല, നിനക്കാണ് ദോഷം എന്നു പറഞ്ഞു. പുള്ളിക്കു കാര്യം പിടികിട്ടി…’

Leave a Reply

Your email address will not be published. Required fields are marked *