‘ആദ്യ പുരസ്കാരം ലേലംചെയ്ത് പണം പാവങ്ങൾക്ക് കൊടുത്തു, വീട്ടിൽ ഒരു കല്ലിരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത്’; വിജയ് ദേവരകൊണ്ട

ആദ്യമായി ലഭിച്ച മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാര ശില്പം ലേലം ചെയ്തെന്ന് നടൻ വിജയ് ദേവരകൊണ്ട. ഉടൻ തിയേറ്ററുകളിലെത്തുന്ന ഫാമിലി സ്റ്റാർ എന്ന പ്രചാരണാർത്ഥം നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പുരസ്കാരങ്ങളിലൊന്നും തനിക്ക് താൽപര്യമില്ലെന്നും വിജയ് തുറന്നുപറഞ്ഞു. സർട്ടിഫിക്കറ്റുകളോടും പുരസ്കാരങ്ങളോടും അത്ര താത്പര്യമുള്ളയാളല്ല താനെന്നാണ് അഭിമുഖത്തിൽ വിജയ് ദേവരകൊണ്ട സ്വയം വിലയിരുത്തുന്നത്. ചില പുരസ്കാരങ്ങൾ ഓഫീസിലുണ്ടാവും. മറ്റുചിലത് അമ്മ എവിടെയോ എടുത്തുവെച്ചിട്ടുണ്ട്. വേറെ കുറച്ചെണ്ണം ആർക്കോ കൊടുത്തു. കിട്ടിയ പുരസ്കാരങ്ങളിൽ ഒരെണ്ണം സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് കൊടുത്തിട്ടുണ്ടെന്നും വിജയ് പറഞ്ഞു. വിജയ് ദേവരകൊണ്ടയ്ക്ക് മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ച അർജുൻ റെഡ്ഡി എന്ന ചിത്രത്തിന്റെ സംവിധായകനാണ് സന്ദീപ് റെഡ്ഡി വാങ്ക.

“എനിക്ക് മികച്ച നടനെന്ന നിലയിൽ കിട്ടിയ ആദ്യ ഫിലിം ഫെയർ പുരസ്കാരശില്പം ലേലം ചെയ്യുകയായിരുന്നു. നല്ലൊരു സംഖ്യയും ലഭിച്ചു. ആ തുക മുഴുവൻ പാവപ്പെട്ടവർക്ക് ദാനംചെയ്യുകയായിരുന്നു. ഇതിനേക്കുറിച്ചുള്ള ഓർമയാണ് വീട്ടിൽ ഒരു കല്ലിരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത്.” താരം കൂട്ടിച്ചേർത്തു. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. കെ.യു. മോഹനനാണ് ഛായാ​ഗ്രഹണം. ഏപ്രിൽ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *