മകളുടെ വിവാഹത്തെക്കുറിച്ച് നിർമാതാവ് സുരേഷ് കുമാർ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘കല്യാണം നല്ല രീതിയിൽ നടന്നു. വളരെ സന്തോഷം. എല്ലാ രീതിയിലുമുള്ള ആഘോഷങ്ങളുണ്ടായിരുന്നു. അവളുടെ ഫ്രണ്ട്സും, എന്റെ കസിൻസിന്റെ മക്കളുമൊക്കെ നന്നായി എൻജോയ് ചെയ്തു. ശരിക്കും ചെറുപ്പക്കാർക്കുവേണ്ടിയുള്ള ഈവന്റ് പോലെയായിരുന്നു. നമുക്കിത് നോക്കിനിന്ന് കാണുക എന്ന് മാത്രമാണ്. എന്നുവച്ചാൽ നല്ല രീതിയിൽ ഓർഗനൈസിഡ് ആയിരുന്നു. എല്ലാം നന്നായിട്ട് പോയി.
ദൈവാധീനം എന്നേ എനിക്ക് പറയാനുള്ളൂ. ബ്രാഹ്മണ സ്റ്റൈലിലായിരുന്നു ആദ്യത്തെ ചടങ്ങ്. അതുകഴിഞ്ഞ് വൈകിട്ട് ക്രിസ്ത്യൻ രീതിയിലുള്ള മോതിരം മാറ്റലും കാര്യങ്ങളുമുണ്ടായിരുന്നു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമൊക്കെ ഓരോ ലുക്കിലായിരുന്നു.
ചടങ്ങ് ഒടിടിയിൽ റിലീസ് ചെയ്യുമോയെന്നതിനെക്കുറിച്ച് എനിക്കറിഞ്ഞൂടാ. ഞാൻ ഇതുവരെ അതിനെക്കുറിച്ച് ചോദിച്ചിട്ടില്ല. ഞങ്ങളാരും അവിടെനിന്ന് സെൽഫിയൊന്നും എടുത്തിട്ടില്ല. അവിടെ നിന്ന് കുറേ ഫോട്ടോസ് എടുത്തല്ലോ. നമ്മൾ ഫോട്ടോഗ്രാഫറെ വച്ചിരുന്നു. ഒരു പത്ത് ദിവസം കഴിയുമ്പോഴേക്ക് കീർത്തി തന്നെ അത് റിലീസ് ചെയ്യുമായിരിക്കും. എത്തിപ്പെടാൻ പറ്റാത്തവർക്കൊക്കെ ചിത്രങ്ങൾ കിട്ടും.
ഗോവ തിരഞ്ഞെടുത്തത് മക്കളും മരുമോനുമൊക്കെ ചേർന്നാണ്. ഞാൻ ഫിലിം ഫെസ്റ്റിവലിന് പോയിപ്പോഴേ ഗോവ കണ്ടിട്ടുള്ളൂ. ഈ ഗോവ വേറൊരു ഗോവയായിരുന്നു. നല്ല രസമായിരുന്നു. അവരുടെ കല്യാണം അവർക്കിഷ്ടം പോലെ നടത്തണ്ടേ. എനിക്ക് ഇഷ്ടക്കേടൊന്നുമില്ല. അവരുടെ ഇഷ്ടത്തിനാണ് കാര്യങ്ങൾ നടക്കേണ്ടത്. അതുകൊണ്ടാണല്ലോ ഈ കല്യാണത്തിന് തന്നെ നമ്മൾ സമ്മതിച്ചത്. അവൾക്കിഷ്ടപ്പെട്ടു. പത്ത് പതിനഞ്ച് കൊല്ലമായി ഇഷ്ടപ്പെട്ട രണ്ടുപേരെ പിരിക്കാനല്ലല്ലോ ശ്രമിക്കേണ്ടത്. അവരെ കൂട്ടിച്ചേർത്ത് നല്ലരീതിയിൽ ജീവിതം മുന്നോട്ടുപോകാനാണ് നോക്കേണ്ടത്. അതാണ് ഒരച്ഛന്റെ കടമ. ആ കടമ കൃത്യമായി നിർവഹിച്ചു. അവർ ഇനിയുള്ള കാലം സന്തോഷമായി ജീവിക്കട്ടേ.’- സുരേഷ് കുമാർ പറഞ്ഞു.