‘അന്ന് ആഴങ്ങളിലേക്ക് മുങ്ങിപ്പോയി, ശരിക്കും തീരേണ്ടത് ആയിരുന്നു’; അപകടത്തെപ്പറ്റി പ്രേം കുമാര്‍ പറയുന്നു

നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്ത നടനാണ് പ്രേം കുമാർ. നായകനായും സഹനടനായും കൊമേഡിയനായുമെല്ലാം പ്രേം കുമാര്‍ കയ്യടി നേടിയിട്ടുണ്ട്. തൊണ്ണൂറുകളില്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേം കുമാര്‍ അഭിനയത്തിലേക്ക് കടക്കുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രേം കുമാര്‍. അരങ്ങ് ആണ് പ്രേം കുമാറിന്റെ ആദ്യ സിനിമ. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്.

തന്റെ ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ചൊരു അപകടത്തെക്കുറിച്ചാണ് പ്രേം കുമാര്‍ സംസാരിക്കുന്നത്. ചിത്രത്തില്‍ ബോട്ടില്‍ നിന്നും വെള്ളത്തിലേക്ക് ചാടുന്ന രംഗമുണ്ടായിരുന്നു. ആദ്യ സിനിമ ആയതുകൊണ്ട് തന്നെ പ്രേം കുമാറിന് ടെന്‍ഷനുണ്ടായിരുന്നു. നീന്തലും അറിയില്ല. അദ്ദേഹം ഇക്കാര്യം സംവിധായകനെ അറിയിച്ചു. എന്നാല്‍ പ്രേം കുമാര്‍ ഒന്നു കൊണ്ടും പേടിക്കണ്ട, കേരളത്തിലെ നീന്തല്‍ വിദഗ്ധരെല്ലാം ഇവിടെയുണ്ട്. നീന്തല്‍ അറിയേണ്ടതില്ല. ചാടുമ്പോള്‍ തന്നെ അവര്‍ രക്ഷിച്ചോളും എന്നായിരുന്നു സംവിധായകന്റെ മറുപടി.

കായലിന്റെ നടുവില്‍ വച്ചായിരുന്നു ഷൂട്ട്. താന്‍ ടെന്‍ഷനടിച്ച് നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും ചാടിക്കോ ചാടിക്കോ എന്ന് ആളുകള്‍ പറയാന്‍ തുടങ്ങിയെന്നാണ് പ്രേം കുമാര്‍ പറയുന്നത്. ഇതോടെ താരം എടുത്തുചാടി. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു. താന്‍ പുന്നമട കായലിന്റെ ആഴത്തിലേക്ക് കിലോമീറ്ററോളം മുങ്ങിപ്പോയെന്നാണ് പ്രേം കുമാര്‍ പറയുന്നത്. ഇടയ്ക്ക് പൊങ്ങിയെങ്കിലും വീണ്ടും താണു. ഷൂട്ടിങ് സെറ്റാകെ നിശബ്ദമായിപ്പോയ നിമിഷമായിരുന്നു അതെന്നാണ് പ്രേം കുമാര്‍ ഓര്‍ക്കുന്നത്.

”അവസാനം ആരൊക്കെയോ എന്നെ രക്ഷപെടുത്തി കൊണ്ടുവന്നു. അന്ന് ഞാന്‍ ശരിക്കും മരണത്തെ മുഖാമുഖം കണ്ടിരുന്നു. അവര്‍ ബോട്ട് ഞാന്‍ ചാടിയ ഇടത്ത് നിന്നും ഇത്തിരി മുന്നിലേക്ക് ആക്കിയിരുന്നു. അവര്‍ ശരിക്കും അവിടെ ആളിനെ നിര്‍ത്തിയിട്ടുണ്ടായിരുന്നു. എല്ലാവരും പിറകെ വന്നു രക്ഷിച്ചതാണ്. അന്ന് ഞാന്‍ ശരിക്കും തീരേണ്ടത് ആയിരുന്നു” എന്നാണ് പ്രേം കുമാര്‍ പറയുന്നത്.

അതേസമയം ആ രംഗം നന്നായി വന്നുവെന്നും എല്ലാവരും നന്നായെന്ന് പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. അതേസമയം നാട്ടുകാര്‍ തന്നോട് പറഞ്ഞത് എന്ത് ധൈര്യത്തിലാണ് എടുത്ത് ചാടിയത്, ഇതില്‍ മുതലയും നീര്‍നായയും ഒക്കെ ഉണ്ടെന്നായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. പോയാല്‍ ബോഡി പോലും കിട്ടില്ലെന്നും അവര്‍ പറഞ്ഞുവെന്നും അത് കേട്ടപ്പോള്‍ തനിക്ക് പേടി തോന്നിയെന്നും പ്രേം കുമാര്‍ പറയുന്നു. കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ കൂടിയാണ് പ്രേം കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *