അനശ്വരയുടെ കൂടെ നടക്കണ്ട എന്ന് ഫ്രണ്ട്‌സിനോട് പറയും; ഫെയിമിന്റെ മറ്റൊരു വശം ആദ്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല; അനശ്വര

ബാലതാരമായി കടന്നു വന്ന അനശ്വര രാജന്‍ ഇന്ന് മലയാള സിനിമയിലെമുന്‍നിര നായികയാണ്. രേഖാചിത്രത്തിലൂടെ ഈ വര്‍ഷവും തിളക്കമാര്‍ന്ന തുടക്കം കുറിച്ചിരിക്കുകയാണ് അനശ്വര. ഇതിനിടെ ഇപ്പോഴിതാ തന്റെ സ്‌കൂള്‍ കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അനശ്വര രാജന്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്. സിനിമയില്‍ അഭിനയിച്ചതോടെ തേടി വന്ന പ്രശ്‌സതിമൂലം മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്.അധ്യാപകരില്‍ നിന്നുണ്ടായ ഒറ്റപ്പെടലിനെക്കുറിച്ചാണ് അനശ്വര സംസാരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

‘ആദ്യത്തെ സിനിമ കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തുമ്പോള്‍ ഞാന്‍ ആകാശത്തായിരുന്നു. വേറൊരു ലോകത്തായിരുന്നു. ഞാന്‍ സിനിമാ നടിയാണേ എന്ന മോഡിലായിരുന്നു. ഒരു മാസം വൈകിയാണ് സ്‌കൂളിലെത്തിയത്. വൈകിയതിനെക്കുറിച്ച് പറയാന്‍ ഞാനും അച്ഛനും അമ്മയും സ്‌കൂളിലെത്തുന്നത് സിനിമാനടിയായിട്ടാണ്. ചെന്നതും ആദ്യം തന്നെ ചോദിച്ചത് എന്താണ് നിങ്ങളുടെ ഉദ്ദേശം എന്നായിരുന്നു. വൈകിയതുകൊണ്ടായിരുന്നു. എല്ലാവരും സിനിമയെക്കുറിച്ച് ചോദിക്കുമായിരുന്നു.’ അനശ്വര പറയുന്നു. സിനിമ ഇറങ്ങിക്കഴിഞ്ഞതോടെ ഫെയിമും അറ്റന്‍ഷനുമൊക്കെ കൂടി. നേരത്തെ അറ്റന്‍ഷനൊന്നും അധികം കിട്ടിയിട്ടുള്ള ആളായിരുന്നില്ല ഞാന്‍. മോണോ ആക്ടും സ്‌പോര്‍ട്‌സുമൊക്കെ ചെയ്യുമായിരുന്നുവെങ്കിലും ഒന്നും ബെസ്റ്റ് ആയിരുന്നില്ല. അതിനാല്‍ പ്രശംസ ലഭിച്ചിട്ടുമില്ല. അതിനാല്‍ ആദ്യമായി ജനശ്രദ്ധ കിട്ടുമ്പോള്‍, പ്രശംസിക്കപ്പെടുമ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. ആ ഫെയിം ഞാന്‍ ആസ്വദിച്ചു. പിന്നീട് അതിന്റെ പാര്‍ശ്വഫലവും ഞാന്‍ അനുഭവിച്ചുവെന്നാണ് താരം പറയുന്നത്.

സ്‌കൂളില്‍ മാര്‍ക്ക് കുറഞ്ഞാല്‍ നിന്റെ ജീവിതം സെറ്റില്‍ഡ് ആയല്ലോ, ഇനി നിനക്ക് പഠിക്കുകയൊന്നും വേണ്ടല്ലോ എന്ന് ടീച്ചര്‍മാര്‍ പറയുമായിരുന്നു. എന്റെ കൂട്ടുകാരുടെ മാതാപിതാക്കളോട് അനശ്വരയുടെ കൂടെ കറങ്ങണ്ട, അവളുടെ ജീവിതം സെറ്റില്‍ഡ് ആണ്. നിങ്ങളുടെ കുട്ടികളുടെ ഭാവി നോക്കാന്‍ പറയും. ആറ്റുനോറ്റാണ് എനിക്ക് കൂട്ടുകാരെ കിട്ടുന്നത്. അവരോട് പോയിട്ട് ഇങ്ങനെ പറയും. എന്ത് ചെയ്താലും കുറ്റപ്പെടുത്തുമായിരുന്നുവെന്നും താരം പറയുന്നു.

ടീച്ചേഴ്‌സ് എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. അതൊന്നും സഹിക്കാനാകാതെ കുറേ തവണ ക്ലാസിലിരുന്ന് കരഞ്ഞിട്ടുണ്ട്. മാനസികമായി സഹിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. സ്‌കൂള്‍ മാറണമെന്ന് പറഞ്ഞ് കുറേ സമയം കരഞ്ഞിട്ടുണ്ട്. ആ അവസ്ഥയില്‍ സെല്‍ഫിയെടുക്കാന്‍ വരുമ്പോള്‍ ചിരിക്കാന്‍ പറ്റാതായിട്ടുണ്ട്. അപ്പോള്‍ അഹങ്കരമാണെന്ന് പറയും. അങ്ങനെ ഫെയിമിന്റെ മറ്റൊരു വശം ആദ്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പിന്നെ അതിനോട് യൂസ്ഡ് ആയി. പോസിറ്റീവും നെഗറ്റീവുമുണ്ട്. ബാലന്‍സ് ചെയ്യണം എന്ന് മനസിലായെന്നും അനശ്വര പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *