‘അച്ഛനോടെന്ന പോലെയുള്ള സ്‌നേഹമാണ് ഹനീഫ്ക്കയോട്’; സുരേഷ് ഗോപി പറയുന്നു

തന്റെ സഹതാരങ്ങളുമായെല്ലാം അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടനാണ് സുരേഷ് ഗോപി. അവരിൽ പലരുടെയും വേർപാട് തനിക്ക് വലിയ വേദന സമ്മാനിച്ചുവെന്നാണ് സുരേഷ് ഗോപി മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

തനിക്ക് അച്ഛനോടെന്ന പോലെയുള്ള സ്‌നേഹമാണ് കൊച്ചിൻ ഹനീഫയോടുണ്ടായിരുന്നതെന്നും അച്ഛനേക്കാൾ പേടി മുരളിച്ചേട്ടനെയായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. ‘നീ പാട്ട് അഭിനയിക്കാൻ മിടുക്കനാണെന്ന് എന്നോട് ആദ്യം പറഞ്ഞത് കൊച്ചിൻ ഹനീഫ്ക്കയാണ്. അന്ന് മുതൽ ഒരു പിതൃതുല്യമായ സ്‌നേഹമാണ് കൊച്ചിൻ ഹനീഫയോട്.’

‘ലേലം, വാഴുന്നോർ, സുന്ദരപുരുഷൻ തുടങ്ങിയവയിൽ കൊച്ചിൻ ഹനീഫ്ക്കയ്ക്ക് ഒപ്പം എനിക്ക് അഭിനയിക്കാനും സാധിച്ചു. അതോടെ അദ്ദേഹവുമായുള്ള എന്റെ അടുപ്പം കുറച്ചുകൂടെ ശക്തമായി. അതുപോലെ സിനിമയിലെ എന്റെ ഏറ്റവും നല്ല സുഹൃത്ത് വിജയരാഘവനാണ്.’

‘പിന്നെ അതുപോലെ മറ്റൊരു സൗഹൃദമുള്ളത് സിദ്ദിഖുമായാണ്. അങ്ങനെ കുറച്ചുപേരെയുള്ളു എന്റെ നല്ല സുഹൃത്തുക്കൾ. ഹനീഫ്ക്കയെ ഒരിക്കലും സുഹൃത്തെന്ന് പറയാനൊക്കില്ല. എന്നെ കുറിച്ചുള്ള കംപ്ലേന്റ് കേട്ടാൽ ആദ്യം വരുന്ന കോൾ ഹനീഫ്ക്കയുടേതാണ്. ഹനീഫ്ക്കയെ പോലെ എൻ.എഫ് വർഗീസ് ചേട്ടനെ ഒരുപാട് മിസ് ചെയ്യാറുണ്ട്.’

‘വിജയരാഘവനെക്കാളും കൂടുതൽ സമയം ഞാൻ ചെലവഴിച്ചിരിക്കുന്നത് ഹനീഫ്ക്കയ്ക്കും രാജൻ പി ദേവ് ചേട്ടനും മുരളിചേട്ടനും ഒപ്പമൊക്കെയാണ്. രാജൻ പി ദേവ് ചേട്ടനെ ഞാൻ ഇക്കിളിയിടുകയും പള്ളയ്ക്ക് കുത്തുകയുമൊക്കെ ചെയ്യുമായിരുന്നു. രജേട്ടനുമായി പിള്ളകളിയായിരുന്നു.’

‘ഇവരെല്ലാം എല്ലാം മനസിലാക്കി പെരുമാറുന്നവരാണ്. മുരളിച്ചേട്ടൻ ഭയങ്കര ഓർത്ത്‌ഡോക്‌സാണ്. അച്ഛനേക്കാൾ എനിക്ക് പേടി മുരളിച്ചേട്ടനെയാണ്. ഇവരെയൊക്കെ നഷ്ടപ്പെട്ടശേഷം ഒരു വേദനയാണെന്നും’, സഹപ്രവർത്തകരെ അനുസ്മരിച്ച് സംസാരിച്ച് സുരേഷ് ഗോപി പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *