അങ്ങനെ ചെയ്യാൻ കഴിയുമോ?, മോഹൻലാൽ ചോദിച്ചു, ആട് തോമയ്ക്ക് പറ്റും ഭദ്രൻ പറഞ്ഞു

മലയാളികളുടെ മനസിൽ നിന്നു പറിച്ചെറിയാൻ കഴിയാത്ത കഥാപാത്രമാണ് ആടുതോമ. ആടുതോമ പറഞ്ഞ ഓരോ ഡയലോഗും ആരാധകരുടെ മാത്രമല്ല, സാധാരണക്കാരുടെ ചുണ്ടിലും ഇന്നുമുണ്ട്. ‘മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും, അതാണെന്റെ ജീവൻ ടോൺ…’ എന്ന് ആടുതോമ പറയുമ്പോൾ തിയേറ്റർ ഇളകിമറിയുകയായിരുന്നു. ‘പാറേൽ പള്ളിയിലെ തെമ്മാടിക്കുഴിയിലേക്ക് എന്റ ശവം കൊണ്ടുപോകുന്നതു കാണാൻ ജനാലകൾ തുറക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നു…’ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടതാണ്.

മോഹൻലാലിന്റെ അച്ഛനായി അഭിനയിക്കുന്ന തിലകന്റെ ചാക്കോ മാഷ് എന്ന കടുവാ ചാക്കോ ഇന്നും വിദ്യാർഥികൾക്കിടയിൽ ഹിറ്റ് ആണ്. പല സ്‌കൂളിലെ കണക്ക് മാഷുമാർക്ക് കടുവ എന്നു പേരു പതിഞ്ഞുകിട്ടിയതും ഈ സിനിമയിൽ നിന്നാണ്.

കാണികളെ ത്രസിപ്പിച്ച ചിത്രം സർവകാല ഹിറ്റ് സിനിമകളിൽ ഒന്നാണ്. വീണ്ടും ചിത്രം പ്രദർശനത്തിനെത്തിയപ്പോഴും സിനിമ പ്രേക്ഷകർ നെഞ്ചോടു ചേർത്തുപിടിച്ചു. ‘സ്ഫടികം’ എന്ന ചിത്രത്തിൽ ഒരു ഫൈറ്റിന് ശേഷം ഓടുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ അപ്പുറത്തേക്ക് മോഹൻലാൽ ചാടുന്ന സീനുണ്ട്. സീനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചപ്പോൾ മോഹൻലാൽ ഭദ്രനോടു ചോദിച്ചത്, അങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ..? എന്നായിരുന്നു. ചിരിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ ചോദ്യം. അന്ന് സംവിധായകൻ പറഞ്ഞ മറുപടി ഇങ്ങനെയാണ്, ‘ലാലിന് പറ്റില്ലായിരിക്കും… എന്നാൽ ആടു തോമയ്ക്ക് പറ്റും…’ എന്നാണ്. ഇന്നും ആ രംഗത്തിനു പ്രേക്ഷകരുടെ നിറഞ്ഞ കൈയടിയാണ് തിയേറ്ററുകളിൽ മുഴങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *