17 വർഷം മുൻപ് നടത്തിയ കൊലപാതകം; പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ സൗദിയിൽനിന്നു പിടികൂടി

17 വർഷം മുൻപ് തുമ്പയിൽ കൊലപാതകം നടത്തി മുങ്ങിയ കേസിലെ മൂന്നാം പ്രതിയെ  ഇന്റർപോളിന്റെ സഹായത്തോടെ സൗദിയിൽ നിന്ന് പിടികൂടി. ലഹരിമരുന്നു സംഘാംഗമായിരുന്ന മൺവിള കിഴക്കുംകര സ്വദേശി ബൗഡൻ എന്നു വിളിക്കുന്ന സുധീഷിനെയാണ് (36) കഴക്കൂട്ടം സൈബർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ നാട്ടിലെത്തിച്ചു.

ലഹരിമരുന്നു സംഘത്തിന്റെ പ്രവർത്തനം തടയാൻ ശ്രമിച്ചതിനു തുമ്പയിൽ മുരളി കൊല ചെയ്യപ്പെട്ട കേസിലെ മൂന്നാം പ്രതിയായ സുധീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേരള പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. റിയാദിൽ സുധീഷ് ഡ്രൈവറായി ജോലി ചെയ്യുന്ന വിവരം സൗദി പൊലീസ് വഴി ഇന്റർപോൾ ശേഖരിക്കുകയും കേരള പൊലീസിനെ അറിയിക്കുകയും ചെയ്തു. വിദേശകാര്യവകുപ്പിന്റെ അനുമതിയോടെയാണ് കേരള പൊലീസ് സൗദിയിലേക്ക് പോയത്.

സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദേശാനുസരണം എസിപി ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ തുമ്പ സ്റ്റേഷൻ ഇൻസ്‌പെക്ടർ ശിവകുമാർ, സൈബർ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് റിയാദിലെത്തി സുധീഷിനെ കഴിഞ്ഞ 18ന് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *