ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. വീട്ടിൽ കടന്നുകയറി താരത്തെ വധിക്കുമെന്നും അദ്ദേഹത്തിന്റെ കാർ ബംബുവെച്ച് തകർക്കുമെന്നാണ് ഭീഷണി.മുംബൈ ഗതാഗത വകുപ്പിന്റെ വൊർളി ഓഫീസിൽ വാട്സാപ്പ് മെസേജായാണ് ഭീഷണി സന്ദേശം എത്തിയത്.
സംഭവത്തിൽ വൊർളി പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും ആധികാരികത സംബന്ധിച്ചുമാണ് അന്വേഷണം നടത്തുന്നത്.
അടുത്ത സുഹൃത്തും മുൻ മഹാരാഷ്ട്രാ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സൽമാൻ ഖാന് നിരവധി വധഭീഷണികൾ വന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ അദ്ദേഹത്തിന്റെ വീടായ ഗാലക്‌സി അപാർട്‌മെന്റിലെ ബാൽക്കണിയിൽ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുതിവേലിയും അടുത്തിടെ സ്ഥാപിച്ചിരുന്നു. വൈപ്ലസ് സെക്യൂരിറ്റിയുള്ള താരത്തിന് പോലീസ് എസ്‌കോർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാവിധത്തിലുമുള്ള ആയുധങ്ങളും കൈകാര്യം ചെയ്യാൻ അറിയാവുന്ന ഒരു കോൺസ്റ്റബിളിന്റെ സേവനവും അദ്ദേഹത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്. പനവേലിലുള്ള സൽമാന്റെ ഫാം ഹൗസിലും സെക്യൂരിറ്റികളുടെ ഒരു നീണ്ടനിരയുണ്ട്. അതിനിടെയാണ് വീണ്ടും വധഭീഷണി സന്ദേശം.