സൂരജ് വധക്കേസിൽ വിധി; 9 പ്രതികൾ കുറ്റക്കാർ, ഒരാളെ വെറുതെ വിട്ടു.

കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ 9 പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഒരാളെ വെറുതെ വിട്ടു.നാഗത്താൻകോട്ട പ്രകാശനനെയാണ് വെറുതെ വിട്ടത്.മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിൻറെ സഹോദരൻ മനോരാജ് നാരായണൻ,ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷ് ഉൾപ്പെടെ കുറ്റക്കാർ .19 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് തലശേരി ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞത്.

2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നുവെന്നാണ് കേസ്. ഇതിന് ആറുമാസം മുമ്പും സൂരജിനെ കൊല്ലാൻ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടർന്ന് ആറുമാസം കിടപ്പിലായി. പിന്നീട് പുറത്തിറങ്ങിയപ്പോൾ കൊല നടപ്പാക്കി. 32 കാരനായിരുന്നു സൂരജ്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിൻറെ പകയായിരുന്നു കൊലയ്ക്ക് കാരണം.

12 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്.ഇതിൽ ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും സംഭവശേഷം മരിച്ചിരുന്നു. മറ്റു പ്രതികളായ ടി.കെ രജീഷ്. എൻ.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവൻ, പണിക്കൻറവിട വീട്ടിൽ പ്രഭാകരൻ, പുതുശേരി വീട്ടിൽ കെ.വി പത്മനാഭൻ, മനോമ്പേത്ത് രാധാകൃഷ്ണൻ, പുതിയപുരയിൽ പ്രദീപൻ എന്നിവർക്കെതിരെയാണ് വിധി വന്നിട്ടുള്ളത് . കൊലപാതകം, ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *