വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിക്ക് നേരേ ആസിഡ് ആക്രമണം; പ്രതി പിടിയില്‍

എറണാകുളത്ത് വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി കാക്കുന്നേല്‍ വീട്ടില്‍ റെജി(47)യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ ഒന്‍പതാം തീയതി രാത്രി 11 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം.

കടവൂരില്‍ യുവതി താമസിക്കുന്ന വീട്ടിലെത്തിയാണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. വീട്ടിലെ ഹാളിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസില്‍ കരുതിയ ആസിഡ് ജനല്‍വഴി ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിയുടെ മുഖത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു. ഇതിനുശേഷം സെപ്റ്റംബര്‍ 15-ാം തീയതി പ്രതി വീണ്ടും വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി യുവതിയെയും കുടുംബത്തെ ഭീഷണിപ്പെടുത്തി.

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ കെ.ബ്രിജുകുമാര്‍, എസ്.ഐ.മാരായ റോജി ജോര്‍ജ്, സജി, സി.പി.ഒ.മാരായ ലിജേഷ്, സുമോദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *