ലിവിംഗ് ബന്ധം അവസാനിപ്പിച്ച് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ; കൊന്ന് കത്തിച്ച് പങ്കാളി , സംഭവം ഗാസിയാപൂരിൽ

ഗാസിയാപൂരിൽ കത്തിക്കരിഞ്ഞ നിലയിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഞായറാഴ്ച പുലർച്ചെ ​ഗാസിയാപൂരിലെ വിജനമായ ഒരിടത്ത് സ്യൂട്ട്കേസിൽ യുവതിയുടെ ശവശരീരം കണ്ടെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. യുവതിയുടെ കാമുകനാണ് ഇതിലൊരാൾ.

സ്യൂട്ട്കേസ് കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടാണ് അന്വേഷണം ആരംഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അഭിഷേക് ധനിയ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സംശയം തോന്നിക്കുന്ന രീതിയിൽ പ്രദേശത്തൂടെ കടന്നുപോയ ഹ്യൂണ്ടായ് വെർണ കാറിനുവേണ്ടി അന്വേഷണം നടത്തുകയും രജിസ്ട്രേഷൻ നമ്പറും കാറുടമയേയും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കാറുടമ പൊലീസിനോട് പറഞ്ഞത് അമിത് തിവാരി എന്നയാൾക്ക് കാർ വിറ്റു എന്നാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അമിത് തിവാരിയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ​ഗാസിയാബാദിൽ താമസിക്കുന്ന ഒരു ക്യാബ് ഡ്രൈവറാണ് ഇയാൾ. സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ കൂടെ സുഹൃത്ത് അനൂജ് കുമാർ എന്നയാളും ഉണ്ടായിരുന്നു. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ​ഗാസിയാബാദിൽ തന്നെ താമസിക്കുന്ന വെൽഡിങ് മെക്കാനിക്കാണ് അനൂജ് കുമാർ.

ചോദ്യംചെയ്യലിനിടെ മൃതദേഹം തന്റെ ബന്ധുവായ ശിൽപ്പ പാണ്ഡെ(22)യുടേതാണെന്നും കൊലപാതകം നടത്തിയത് താനാണെന്നും അമിത് തിവാരി കുറ്റസമ്മതം നടത്തുകയായിരുന്നു. ഒരു വർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ശിൽപ അമിതിനെ വിവാഹം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ അമിത് വിവാഹത്തിന് താൽപര്യപ്പെട്ടിരുന്നില്ല. ശനിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അമിത് ശിൽപയുമായി വാക്കുതർക്കത്തിലേർപ്പെടുകയും അത് കൊലപാതകത്തിലേക്ക് എത്തുകയുമാണ് ഉണ്ടായത്. 

Leave a Reply

Your email address will not be published. Required fields are marked *