റെയിൽവേ സ്റ്റേഷനു സമീപത്തെ ഓടയിൽ ബാഗിലാക്കിയ നിലയിൽ; മൂന്ന് മാസം മുൻപ് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

അമ്മയും കാമുകനും കൂടി കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ഓടയിൽനിന്ന് അഴുകിയ നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം. അമ്മ ശ്രീപ്രിയ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂരിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

11 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ വിവരം ഇന്നാണു പുറത്തുവന്നത്. കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പിൽ ഉപേക്ഷിച്ചുവെന്നാണ് അമ്മ മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ തമിഴ്നാട് കടലൂർ സ്വദേശിനി ശ്രീപ്രിയ, കാമുകൻ ജയസൂര്യൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മൂന്നു മാസം മുൻപാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം.

യുവതി ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാൾ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് മാസം മുൻപ് കുഞ്ഞിനെ കൊന്നതാണെന്ന് അമ്മ ശ്രീപ്രിയ പൊലീസിൽ മൊഴി നൽകി. ജയസൂര്യനും അച്ഛനും ചേർന്നാണ് കുഞ്ഞിനെ കൊന്നതെന്നും മൃതദേഹം ട്രെയിനിൽ കൊണ്ടുപോയി തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പിൽ ഉപേക്ഷിക്കുകയായിരുന്നെന്നും മൊഴിയിൽ പറയുന്നു. ജയസൂര്യൻറെ മാതാപിതാക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *