സിനിമ ഷൂട്ടിങ്ങിനിടെ മോശമായി പെരുമാറിയ ആ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് നടി വിൻ സി.അലോഷ്യസ് വ്യക്തമാക്കി. സംഭവത്തിൽ താരസംഘടനയായ അമ്മയ്ക്ക് വിൻ സി. പരാതി നൽകി. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചായിരുന്നു സംഭവമെന്നും പരാതിയിലുണ്ട്.
താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിൻസി പരാതി നൽകിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയിൽനിന്നുതന്നെ ആവശ്യമുയർന്നിട്ടുണ്ട്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്റെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഷൈൻ നിഷേധിച്ചിരുന്നു. ഇതിനുപിന്നാലായാണിപ്പോൾ വിൻസി പരാതിയുമായി രംഗത്തെത്തിയത്. വിൻസിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് എക്‌സ്‌ക്‌സൈസും വിവരങ്ങൾ തേടും.
എന്റെ ഡ്രെസ്സിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. ഇതായിരുന്നു വിൻ സി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
വിൻ സിയുടെ വെളിപ്പെടുത്തലിന് ശേഷം താരസംഘടനയായ അമ്മ, പൊഫ്ക, ഫിലിം ചേംബർ എന്നിവർ നടിക്ക് പിന്തുണയുമായെത്തിയിരുന്നു.വിൻസിയോട് സെറ്റിലെ ആഭ്യന്തര പരാതിപരിഹാര സമിതിയിൽ പരാതി നൽകാൻ ഫിലിം ചേംബർ നിർദേശിച്ചിരുന്നു. പരാതിയുടെ പകർപ്പ് ഫിലിം ചേംബർ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജനറൽ
സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.