കർണാടക മുൻ ഡിജിപി ഓംപ്രകാശിന്റെ കൊലപാതകത്തിൽ ഭാര്യ പല്ലവിക്കെതിരേ കൂടുതൽ തെളിവുകൾ ലഭിച്ചതായി പോലീസിന് റിപ്പോർട്ട്. കൃത്യം നടത്തുന്നതിന് മുമ്പ് പല്ലവി നടത്തിയ ഇന്റർനെറ്റ് തിരച്ചിൽ ഉൾപ്പെടെയുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്.എങ്ങനെ കൊലപാതകം നടത്താമെന്നതും കഴുത്തിന് സമീപം മുറിവേറ്റാൽ ഒരാൾ എങ്ങനെ മരിക്കുമെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പല്ലവി ഗൂഗിളിൽ തിരഞ്ഞത്
കൂടാതെ കഴുത്തിന് സമീപത്തെ ഞെരമ്പുകളും രക്തക്കുഴലുകളും മുറിഞ്ഞാൽ എങ്ങനെയാണ് മരണം സംഭവിക്കുകയെന്നും ഗൂഗിളിൽ തിരഞ്ഞു എന്നാൽ പോലീസ് റിപ്പോർട്ടുകളിൽ പറയുന്നത്.
ഞായറാഴ്ച വൈകിട്ടാണ് ഓംപ്രകാശിനെ എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭാര്യ പല്ലവി, മകൾ കൃതി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പല്ലവിയെ പിന്നീട് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കൃതിയെ നിംഹാൻസിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം പല്ലവിയുമായി പോലീസ് സംഘം വീട്ടിൽ തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം, ഭർത്താവിൽനിന്ന് ഗാർഹികപീഡനത്തിനിരയായെന്ന് പല്ലവി ആരോപിച്ചിരുന്നു. കൊലപാതകത്തിന് മുമ്പ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇവർ ചില സന്ദേശങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. താൻ വീട്ടിൽ ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്നും വിഷം ഉള്ളിൽച്ചെന്നതായും ഇവർ പറഞ്ഞിരുന്നു.
അതേസമയം, മുൻ ഡിജിപിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. സിസിബി സംഘം ചൊവ്വാഴ്ച കേസിന്റെ അന്വേഷണം ഏറ്റെടുക്കും.