മാലയിലുള്ള പുലിപ്പല്ല് ഒറിജിനൽ; വേടനെതിരെ വനം വകുപ്പും അന്വേഷണം തുടങ്ങി

കഞ്ചാവുമായി പിടിയിലായ റാപ്പർ വേടനെതിരെ അന്വേഷണം ആരംഭിച്ച് വനം വകുപ്പും.കഴുത്തിലണിഞ്ഞ മാലയാണ് ഇത്തവണ കുരുക്കായത്.
തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ വേടന്റെ കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഈ മാലയ്ക്ക് ആവശ്യമായ പുലിപ്പല്ല് എവിടെ നിന്ന് കിട്ടിയെന്ന് അറിയാനാണ് അന്വേഷണം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ എത്തി. കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.

മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തായ്‌ലൻഡിൽ നിന്നാണ് പുലിപ്പല്ല് എത്തിച്ചതെന്നും ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വനം വകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വേടന്റെ എറണാകുളത്തെ ഫ്‌ലാറ്റിലെ നിന്നും ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. ഫ്‌ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണ് പണമെന്ന് വേടൻ വ്യക്തമാക്കി. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന ഫ്‌ലാറ്റിലാണ് പരിശോധന നടന്നത്. രാവിലെ പൊലീസ് എത്തുമ്പോൾ ഒമ്പതുപേരും വിശ്രമിക്കുകയായിരുന്നു. പിടിയിലായവരെല്ലാം വേടന്റെ റാപ്പ് ടീമിൽ ഉൾപ്പെട്ടവരാണ്. വേടൻ അടക്കം എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *