മണിമലയിൽ ദമ്പതികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം മണിമലയിൽ മധ്യവയസ്‌കനെയും ഭാര്യയെയും തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടശ്ശേരിക്കര പരുത്തിക്കാവ് മതുരംകോട്ട് വീട്ടിൽ എം.ഒ. വിനീത്കുമാർ (കണ്ണൻ -27), വടശ്ശേരിക്കര പരുത്തിക്കാവ് കൊട്ടുപ്പള്ളിൽ വീട്ടിൽ കെ.പി. ബിജോയി (38) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് നവംബർ 30ന് മണിമല പഴയിടം സ്വദേശിയായ മധ്യവയസ്‌കനും ഭാര്യയും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നിലക്കത്താനം-പാമ്പേപ്പടി റോഡിൽ വാഹനം തടഞ്ഞ സംഘം വടിവാൾകൊണ്ട് ആക്രമിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇവർക്ക് മധ്യവയസ്‌കനോടും കുടുംബത്തോടും സ്ഥലമിടപാടിൻറെ പേരിൽ മുൻ വിരോധം നിലനിന്നിരുന്നു. ഇതിൻറെ തുടർച്ചയായിട്ടായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ ഇവരെ മണിമല എസ്.എച്ച്.ഒ വി.കെ. ജയപ്രകാശ്, എസ്.ഐമാരായ സന്തോഷ് കുമാർ, ബിജോയ് വി. മാത്യു, സി.പി.ഒമാരായ ടോമി സേവ്യർ, ജിമ്മി ജേക്കബ്, ബി.കെ. ബിജേഷ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *