പ്രാഭാത സവാരിക്ക് ഇറങ്ങിയ വ്യവസായിയെ ബൈക്കിൽ എത്തിയ സംഘം വെടിവെച്ച് കൊന്നു ; പ്രതികൾ രക്ഷപ്പെട്ടു , അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

പ്രഭാത നടത്തത്തിന് ഇറങ്ങിയ വ്യവസായിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ച് കൊന്നു. ഫാർഷ് ബസാറിൽ ഇന്ന് രാവിലെയാണ് സംഭവം. കൃഷ്ണ നഗർ സ്വദേശിയും വ്യവസായിയുമായ സുനിൽ ജെയിൻ(52) ആണ് കൊല്ലപ്പെട്ടത്. യമുന സ്പോർട്സ് കോംപ്ലക്സിൽ പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കൊലപാതകം. ബൈക്കിലെത്തിയ രണ്ട് പേർ സുനിലിന് നേരെ വെടിയുതിർക്കുകയായിരുന്നു.

ഏഴ് തവണ പ്രതികൾ സുനിലിന് നേരെ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. പ്രഭാത നടത്തം കഴിഞ്ഞ് സുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വ്യവസായിയായ സുനിൽ ജെയിനിന് പത്ര വ്യാപരവും ഉണ്ടായിരുന്നു. സ്കൂട്ടറിൽ പോകവെ രണ്ട് പേർ ബൈക്കിലെത്തി, വാഹനം നിർത്താൻ ആവശ്യപ്പെട്ടു. മൊബൈൽ താഴെ വീണു എന്ന് പറഞ്ഞാണ് സ്കൂട്ടർ നിർത്തിച്ചത്. പിന്നാലെ വെടിയുതിർക്കുകയായിരുന്നു.

തന്നെ കൊല്ലരുതെന്ന് സുനിൽ ജെയിൻ ബൈക്കിലെത്തിയവരോട് പറഞ്ഞു, എന്നാൽ ഇവർ ഏഴ് തവണ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുവെച്ച് തന്നെ സുനിൽ കൊല്ലപ്പെട്ടു. ജെയിന് ശത്രുക്കളാരും ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബം പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും സിസിടിവികൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഷഹ്ദര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *