പെരിന്തൽമണ്ണയിൽ തർക്കത്തെ തുടർന്ന് മധ്യവയസ്‌കനെ അയൽവാസി കുത്തിക്കൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 57 വയസ്സായിരുന്നു. സംഭവത്തിൽ അയൽവാസിയായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്യനാരായണനും സുരേഷും തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മിൽ മുൻപും അടിപിടി നടന്നിട്ടുണ്ട്.
ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. രാത്രി ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും സുരേഷിനെ സത്യനാരായണൻ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പെരിന്തൽമണ്ണ പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സുരേഷ് ബാബുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.