പെയിന്‍റിംഗ് ജോലിക്കെത്തി 10 വയസുകാരനെ പീഡിപ്പിച്ചു, നിലമ്പൂരിൽ യുവാക്കള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ

പത്ത് വയസ്സുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ട് പെയിന്റിങ് തൊഴിലാളികൾക്ക് കഠിന തടവും പിഴയും. ഒരേ സംഭവത്തിൽ വെവ്വേറെ രജിസ്റ്റർ ചെയ്ത കേസുകളിൽ നിലമ്പൂർ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി കെ.പി.ജോയ് ആണ് ശിക്ഷ വിധിച്ചത്. ആദ്യ കേസിൽ കോഴിക്കോട് കാപ്പാട് സ്വദേശിയും എടക്കര പാലുണ്ടയിൽ താമസക്കാരനുമായ പുതിയപുരയിൽ ജവാദ് എന്ന അബുവിന് 16 വർഷം കഠിന തടവും 29,000 രൂപ പിഴയുമാണ് വിധിച്ചത്.

രണ്ടാമത്തെ കേസിൽ കോഴിക്കോട് തിരുവങ്ങൂർ കാട്ടിലപീടി കയിലെ പുതിയപുരയിൽ അസ്‌കറിന് (34)11 വർഷം കഠിന തടവും 23,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഇരു പ്രതികളും ഒരു വർഷവും നാല് മാസവും കൂടി സാധാരണ തടവ് അനുഭവിക്കണം. പിഴയടച്ചാൽ പിഴത്തുക കുട്ടിക്ക് നൽകണം. 2019ലാണ് കേസുകൾക്ക് ആധാരമായ സംഭവം. കുട്ടിയുടെ വീട്ടിൽ പെയിന്റിങ് ജോലിക്കെത്തിയാണ് പ്രകൃതിവിരുദ്ധ പീഡനം നടത്തിയത്. എടക്കര പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന ദീപുകുമാർ, മനോജ് പറയറ്റ എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാ ജരായി. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *