എം.എൽ.എ പി.വി. അൻവറിനും മാധ്യമങ്ങൾക്കും മലപ്പുറം അരീക്കോട് ആസ്ഥാനമായ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ (എസ്ഒജി) പരിശീലനവും പ്രവർത്തനങ്ങളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ രണ്ട് കമാൻഡോ ഹവിൽദാർമാരെ സസ്പെൻഡ് ചെയ്തു.നേരത്തെ എസ്ഒജിയിൽ കമാൻഡോമാരായി സേവനമനുഷ്ഠിച്ചിരുന്ന കെ. മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റ്യൻ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.
ഡിസംബറിൽ എസ്ഒജിയിൽ കമാൻഡോ ഹവിൽദാറായിരുന്ന വയനാട് സ്വദേശി സി. വിനീത് അരീക്കോട്ടെ സേനാ ആസ്ഥാനത്ത് സ്വയം വെടിവെച്ചു മരിച്ചിരുന്നു. തുടർന്ന് യൂണിറ്റിന്റെ പ്രവർത്തനത്തെ കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. കഠിനമായ പരിശീലനം, മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റം തുടങ്ങിയവയാണ് വിനീത്തിന്റെ മരണത്തിന് വഴി വെച്ചതെന്ന് ആരോപണമുയർന്നിരുന്നു.
എസ്ഒജിയുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ അനുമതിയില്ലാതെ മാധ്യമങ്ങൾക്കും ഉന്നത രാഷ്ട്രീയ നേതാവിനും നൽകിയെന്നും ഇതിനു പിന്നിൽ ഇരുവരുമാണെന്നാണ് ആരോപണം. ഇവരുടെ നടപടി ഗുരുതര അച്ചടക്കലംഘനവും സ്വഭാവദൂഷ്യവും സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നതുമാണെന്നു സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.
ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ഐആർബി ഡെപ്യൂട്ടി കമാൻഡന്റ് എൻ.വി. സജീഷ് ബാബുവിനോട് ആവശ്യപ്പെട്ടു. 15 ദിവസത്തിനുള്ളിൽ കുറ്റാരോപണ മെമ്മോയും രണ്ടു മാസത്തിനുള്ളിൽ വിശദ റിപ്പോർട്ടും നൽകാനാണ് നിർദേശം.