തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച്
കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് മേയ് 6 ലേക്കു മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
2023 ഓഗസ്റ്റ് 30-നാണ് തിരുവനന്തപുരം കാട്ടാക്കട പൂവച്ചലില്‍ പതിനഞ്ചുകാരനായ ആദിശേഖര്‍ എന്ന വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയത്. പൂവച്ചല്‍ പുളിങ്കോട് ‘ഭൂമിക’ വീട്ടില്‍ പ്രിയരഞ്ജനാണ് കേസിലെ പ്രതി. ഭൂമിക ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ മൂത്രമൊഴിച്ചതിനെതിരെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കേസ് .
ആദിശേഖര്‍ സൈക്കിളില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കാറിലെത്തിയ പ്രിയരഞ്ജന്‍ കുട്ടിക്കുനേരെ കാറോടിച്ചു, സുഹൃത്തുകളുടെ മുന്നിലായിരുന്നു ആക്രമണം. ആദ്യം അലക്ഷ്യമായി വാഹനമോടിച്ചതിന്റെ പേരിലാണ് കേസെടുത്തത്. എന്നാല്‍ കുട്ടിയുടെ ബന്ധുക്കളുടെയുടേതായ മൊഴികളും സിസിടിവി ദൃശ്യങ്ങളും പരിശോധനയിലാണ് പൊലീസിന് ആസൂത്രിത കൊലപാതകത്തിന്റെ തെളിവുകള്‍ ലഭിച്ചത്.
സംഭവത്തിനു ശേഷം പ്രതി കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിലേക്കുള്ള രക്ഷപ്പെടുകയായിരുന്നു. മൈസൂരുവിലും അതിനുശേഷം കേരള-തമിഴ്നാട് അതിര്‍ത്തിയിലെ അരുമന, ദേവിയോട് മേഖലകളിലുമായിരുന്നു താല്ക്കാലിക താമസം. സംഭവത്തിനൊടുവില്‍ 12-ാം ദിവസമാണ് കന്യാകുമാരി കുഴിത്തുറയില്‍ നിന്ന് കാട്ടാക്കട എസ്.എച്ച്.ഒ ഡി. ശിബുകുമാറിന്റെ നേതൃത്വത്തില്‍ പ്രിയരഞ്ജനെ അറസ്റ്റ് ചെയ്തത്.
പ്രിയരഞ്ജന്‍ കോടതിയില്‍ പുതിയ ഇലക്ട്രിക് കാര്‍ ആയതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും, ഭാര്യയുമായി ഫോണ്‍ വിളിയില്‍ ആയിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്നും വിശദീകരിച്ചു. തനിക്കെതിരെ കൊലപാതകക്കുറ്റം നിലനില്‍ക്കില്ലെന്നും വാദിച്ചു.