തിരുവാതുക്കൽ വിജയകുമാർ- മീര ദമ്പതികളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകി വീടിനുളളിൽ കയറിയത് വീട്ടിലെ രണ്ടു വളർത്തുനായ്ക്കളെയും മയക്കിക്കിടത്തിയതാകാമെന്ന നിഗമനത്തിൽ പൊലീസ്. വളർത്തുനായ്ക്കൾ രണ്ടും അവശനിലയിലാണ്. അമ്മിക്കല്ല് കൊണ്ട് പിൻവാതിൽ തകർത്താണ് അക്രമി അകത്തുകയറിയിരിക്കുന്നത് എന്നും പൊലീസ് പറയുന്നു. വാതിലിനോട് ചേർന്ന് തന്നെ അമ്മിക്കല്ല് കണ്ടെത്തിയിട്ടുണ്ട്. കോടാലി കൊണ്ടാണ് ഇരുവരെയും അക്രമി ആക്രമിച്ചതെന്നും പൊലീസ് പറയുന്നു. കോടാലി കൊണ്ട് വിജയകുമാറിനെയാണ് ആദ്യം വെട്ടിയത്. ശബ്ദം കേട്ടത്തെിയ ഭാര്യ മീരയെ പിന്നാലെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിൽ മോഷണശ്രമം നടന്നിട്ടില്ല. വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ഉണ്ട്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു. വീടിന്റെ കിടപ്പുമുറിയിലും ഹാളിലുമായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. വീട്ടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയിൽ അടിയേറ്റിട്ടുണ്ട്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.
അതേസമയം സംഭവത്തിൽ അസം സ്വദേശി അമിതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വീട്ടിൽ മുൻപ് ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ഇയാളാണോ ഇതിന് പിന്നിലെന്ന സംശയമാണ് പൊലീസിന് ഉള്ളത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് രാവിലെയാണ് കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീട്ടുജോലിക്കാരി വരുമ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. മാസങ്ങൾക്ക് മുൻപ് സ്വഭാവദൂഷ്യം കാരണം ഇതര സംസ്ഥാന തൊഴിലാളി അമിതിനെ ജോലിയിൽ നിന്ന് വിജയകുമാർ പിരിച്ചുവിട്ടിരുന്നു. ഫോൺ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാർ പിരിച്ചുവിട്ടതെന്ന് നാട്ടുകാർ പറയുന്നു. ഫോൺ മോഷണക്കേസിൽ അമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്ത കാലത്താണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. വീടിന് ചുറ്റും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സിസിടിവി കാമറകളുടെ ഹാർഡ് ഡിസ്‌ക് കാണാനില്ല. അതിനാൽ ഇത് ആസൂത്രിതമായ കൊലപാതകമാണ് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ഏഴുവർഷം മുൻപ് മകന്റെ ദുരൂഹ മരണം
മകന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി ഒരു മാസം മാത്രം തികയുമ്പോഴാണ് കോട്ടയത്ത് മാതാപിതാക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവാതുക്കലിൽ കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മകൻ ഗൗതം ഏഴുവർഷം മുൻപാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിക്ക് സമീപം റെയിൽവേ ട്രാക്കിൽ കാറിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്. 2017 ജൂൺ മൂന്നാം തീയതിയാണ് ഗൗതമിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തൊട്ടുമുൻപത്തെ ദിവസം സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് ഗൗതം കാർ എടുത്ത് പുറത്തു പോയി. എന്നാൽ വീട്ടിലേക്ക് തിരിച്ചുവരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളിൽ മരിച്ചനിലയിൽ ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്. തുടക്കംമുതൽ തന്നെ മകന്റെ മരണത്തിൽ മാതാപിതാക്കൾ ദുരൂഹത ആരോപിച്ചിരുന്നു.
ആദ്യം ലോക്കൽ പൊലീസ് ആണ് കേസ് അന്വേഷിച്ചത്. തുടർന്ന് വിശദമായ അന്വേഷണത്തിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഗൗതം ആത്മഹത്യ ചെയ്തതാണ് എന്നതായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ കത്തി ഉപയോഗിച്ച് ഗൗതം ആത്മഹത്യ ചെയ്താണ് എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഇതിനെതിരെ വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ മാസം 21ന് സിബിഐ തിരുവനന്തപുരം യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം ആരംഭിച്ച് ഒരു മാസം മാത്രം തികയുമ്പോഴാണ് ഗൗതമിന്റെ മാതാപിതാക്കളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗതം എൻജിനിയറിങ് ബിരുദധാരിയായിരുന്നു. തിരുവനന്തപുരത്ത് ഐടി സ്ഥാപനം നടത്തിയിരുന്ന ആളാണ് ഗൗതം.