തൊടുപുഴ ക്വട്ടേഷൻ കൊലപാതക കേസിൽ പ്രതികളിൽ ഒരാളായ എബിൻ തോമസിനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.ഭരണങ്ങാനം എട്ടിലൊന്ന് പാറപ്പുറത്തെ സ്വദേശിയായ ഇയാളെ മുട്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. കേസിലെ പ്രധാനപ്രതി ജോമോൻ ജോസഫിന്റെ ബന്ധുവാണ് എബിൻ.
കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ എബിന് അറിയാമായിരുന്നുവെന്നും, പ്രതി ജോമോന് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകിയിരുന്നതായി പോലീസ് അറിയിച്ചു. മറ്റ് പ്രതികളുടെ മൊഴികളുമായി എബിന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നതിനാൽ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് കസ്റ്റഡിയിൽ വാങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. ആവശ്യമായാൽ ബുധനാഴ്ച എബിനെ കലയന്താനിയിലെ ജോമോന്റെ വീട്ടിലേക്ക് എത്തിച്ച് തെളിവെടുപ്പ് നടത്തും.
ചുങ്കം സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ എബിന് അറിയാമായിരുന്നു. ബിജു മരണപ്പെട്ടതും മൃതദേഹം കുഴിച്ചിട്ടതുമെല്ലാം ഇയാൾക്ക് അറിയാമായിരുന്നെങ്കിലും, കുഴിച്ചിട്ട സ്ഥലം ജോമോൻ വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിനു ശേഷം ജോമോൻ എബിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ചെന്നും, പുതിയ ഫോൺ വാങ്ങാനായി 25,000 രൂപ എബിൻ ജോമോന്
ട്രാൻസ്ഫർ ചെയ്തതുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു ജോമോൻ മുൻ ബിസിനസ് പങ്കാളിയായ ബിജുവിനെ കൊലപ്പെടുത്തിയത്. തുടർന്ന് കലയന്താനിയിലെ ജോമോന്റെ ഗോഡൗണിലെ മാൻഹോളിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു