ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയാണ് യശ്വന്ത് വർമ്മയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഹരജി സമർപ്പിച്ചത്. ജുഡീഷ്യൽ സമിതിക്ക് അന്വേഷണാധികാരമില്ലെന്നും ഹരജിയിൽ പറയുന്നു.
എന്നാൽ സംഭവം തന്നെ കുടുക്കാനുള്ള ഗൂഢാലോചനയാണെന്ന് ജസ്റ്റിസ് യശ്വന്ത് വർമ പറയുന്നത് .മാർച്ച് 14 രാത്രി 11.30 ഓടെ കണ്ടെത്തിയ പണത്തെക്കുറിച്ച് ഡൽഹി പൊലീസ് കമ്മീഷണർ ഹൈക്കോടതി ജഡ്ജിയെ അറിയിച്ചത് മാർച്ച് 15 വൈകീട്ട് 4.30 ഓടെയാണ്. ഇക്കാര്യത്തിൽ ഡൽഹി പൊലീസ് ഇതുവരെയും എഫ്‌ഐആർ രേഖപ്പെടുത്തിയിട്ടുമില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഉടൻ നടപടികൾ ആരംഭിക്കും. ഇതിനിടെയാണ് സുപ്രീം കോടതിയിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ ഹർജി നൽകുന്നത്.