ഡോക്ടർ വീടിനുള്ളിൽ മരിച്ച നിലയിൽ ; വീട് വാടകയ്ക്ക് എടുത്ത സ്ത്രീയേയും പുരുഷനെയും കാണാനില്ല, കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്

വാടകയ്ക്ക് കൊടുത്ത വീടിനുള്ളിൽ അൻപതുകാരനായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ താമസിച്ചിരുന്ന ഒരു സ്ത്രീയെയും പുരുഷനെയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ഗ്രേറ്റർ നോയിഡയിലെ സഞ്ജയ് വിഹാർ കോളനിയിലെ വീട്ടിലാണ് 50കാരനായ ഡോ. ദിനേശ് ഗൗറിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ഡോക്ടറെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതാണെന്നാണ് പൊലീസിന്റെ സംശയം. മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഇവർ ഈ വാട്ടിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന ശേഷം ഇവരെ ആരും കണ്ടിട്ടുമില്ല.

ഡൽഹിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഡോക്ടർക്ക് നോയിഡയിലുണ്ടായിരുന്ന മറ്റൊരു വീട്ടിൽ വാടകയ്ക്ക് കൊടുക്കാനായി ഒരു മുറി പണികഴിപ്പിച്ചിരുന്നു. താത്കാലിക താമസത്തിനായാണ് അദ്ദേഹം നോയിഡയിലെ ഈ വീട് ഉപയോഗിച്ചിരുന്നത്. ഏതാനും ദിവസം മുമ്പ് ഡോക്ടർ ഈ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് മകൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. അർദ്ധരാത്രി മകൻ അന്വേഷിച്ചെത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്.

മകൻ വാതിൽ തുറന്നപ്പോഴാണ് അകത്ത് രക്തത്തിൽ കുളിച്ച നിലയിൽ ഡോക്ടറെ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറ‌ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *