ജനറൽ ടിക്കറ്റെടുത്ത് എ.സി കോച്ചിൽ കയറി; ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട് ടി.ടി.ഇ

ഹരിയാനയിലെ ഫരീദാബാദിൽ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ (ടിടിഇ) യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ട്രെയിനിനും പ്ലാറ്റ്‍ഫോമിനും ഇടയിൽ കുടുങ്ങിയ 40 കാരിയുടെ തലയ്ക്കും കൈക്കും കാലുകൾക്കും പരിക്കേറ്റു. ജനറൽ ടിക്കറ്റെടുത്ത് എ.സി കോച്ചിൽ കയറിയതിനാണ് യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. കോച്ച് മാറിക്കയറിയതിന് യുവതിയോട് ടി.ടി.ഇ ദേഷ്യപ്പെടുകയും പിന്നീട് ബാഗുകൾ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. തുടർന്ന് ട്രെയിൻ നീങ്ങുന്നതിനിടെ തള്ളിയിടുകയായിരുന്നു.

ഫരീദാബാദിലെ എസ്ജിജെഎം നഗറിൽ താമസിക്കുന്ന ഭാവനക്കാണ് പരിക്കേറ്റത്. ഝാൻസിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ട്രെയിൻ പുറപ്പെടാനൊരുങ്ങിയപ്പോൾ എ.സി കോച്ചിൽ ഓടിക്കയറുകയായിരുന്നു. എന്നാൽ ടി.ടി.ഇ കോച്ചിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. അടുത്ത സ്റ്റേഷനിലെത്തിയാൽ കോച്ച് മാറിക്കയറാമെന്ന് യുവതി ടി.ടി.ഇയോട് പറഞ്ഞു. എന്നാൽ ഇത് ടി.ടി.ഇ സമ്മതിച്ചില്ല. എങ്കില്‍ പിഴ ഈടാക്കാൻ യുവതി ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ ടി.ടി.ഇ യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് പരാതി.

ട്രെയിനിൽ നിന്ന് താഴെ വീണ യുവതി ട്രെയിനിനും പ്ലാറ്റ്‍ഫോമിനും ഇടയിൽ കുടുങ്ങി. ഇത് കണ്ട പൊലീസ് ഉദ്യോഗസ്ഥർ ഉടൻ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും യുവതിയെ പുറത്തെടുക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ട്രെയിൻ 10 മിനിറ്റോളം വൈകി. യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ ടി.ടി.ഇക്കെതിരെ വധശ്രമത്തിന് കേസെടുത്തു. യുവതിയെ തള്ളിയിട്ട ടി.ടി.ഇ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാളെ പിടികൂടാൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *