കാനഡയിൽ വച്ച് ഇന്ത്യക്കാരൻ ഭാര്യയെ കുത്തിക്കൊന്നു; പ്രതി ജഗ്പ്രീത് സിംഗ് അറസ്റ്റിൽ

ഇന്ത്യക്കാരൻ കാനഡയിൽ ഭാര്യയെ കുത്തിക്കൊന്നു. പഞ്ചാബ് സ്വദേശിയായ ബൽവീന്ദർ കൗറിനെയാണ് ബ്രിട്ടീഷ് കൊളംബിയയിലെ വീട്ടിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയതെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഉടൻ തന്നെ അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും ആശുപത്രിയിൽ എത്തിച്ച് അൽപസമയത്തിനകം ബൽവീന്ദർ കൗർ മരണപ്പെടുകയായിരുന്നുവെന്ന് കാനഡയിലെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം പ്രസ്താവനയിൽ അറിയിച്ചു.

ബൽവീന്ദറിന്റെ ഭ‍ർത്താവ് ജഗ്പ്രീത് സിങിനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്ന് തന്നെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ലുധിയാനയിലുള്ള അമ്മയെ വീഡിയോ കോൾ വിളിച്ച് ജഗ്പ്രീത് സിങ് കൊലപാതക വിവരം അറിയിച്ചു. ‘അവളെ ഞാൻ എന്നെന്നേക്കുമായി ഉറക്കിയെന്ന്’ ജഗ്പ്രീത് സിങ് പറഞ്ഞതായി കൊല്ലപ്പെട്ട ബൽവീന്ദറിന്റെ സഹോദരി ആരോപിച്ചു.

ഒരാഴ്ച മുമ്പ് മാത്രം കാനഡയിലെത്തിയ ജഗ്പ്രീത് തൊഴിൽരഹിതനായിരുന്നു എന്നും ദമ്പതികൾക്കിടയിൽ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി തർക്കം നിലനിന്നിരുന്നു എന്നും സഹോദരി പറ‌ഞ്ഞു. 2000ത്തിൽ വിവാഹിതരായ ഇവർക്ക് ഒരു മകളും മകനുമുണ്ട്.

അതേസമയം ജഗ്പ്രീത് സിങിന്റെ കുടുംബം ആരോപണങ്ങൾ നിഷേധിച്ചു. ജഗ്പ്രീതും ഭാര്യയും സന്തോഷത്തോടെ കഴിയുകയായിരുന്നു എന്നാണ് സഹോദരൻ പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ജഗ്പ്രീതോ തങ്ങളുടെ കുടുംബത്തിലെ മറ്റാരെങ്കിലുമോ ബൽവീന്ദറിനെ ശല്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷോപ്പിങിന് പോയി മടങ്ങിവന്ന ശേഷമായിരുന്നു സംഭവം. അമ്മയെ വിളിച്ച ശേഷം, ഭാര്യയെ അബദ്ധത്തിൽ മുറിവേൽപ്പിച്ചു എന്നാണ് ജഗ്പ്രീത് പറഞ്ഞത്. അത് മാപ്പ് ചോദിക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *