ഒരു വർഷത്തിലേറെയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; രാജസ്ഥാനിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

പതിനെട്ടുകാരിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ച പൊലീസുകാർക്കെതിരെ കേസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് മൂന്ന് കോൺസ്റ്റബിൾമാർ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ സഹോദരനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം.

ശനിയാഴ്ച വൈകീട്ട് ഇര അമ്മയ്‌ക്കൊപ്പം എസ്‌പി ഓഫീസിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. റെയ്‌നി പൊലീസ് സ്‌റ്റേഷനിലും, രാജ്ഗഡ് സർക്കിൾ ഓഫീസറുടെ ഓഫീസിലും, മലാഖേഡ പൊലീസ് സ്‌റ്റേഷനിലും നിയമിച്ചിട്ടുള്ള കോൺസ്റ്റബിൾമാർക്കെതിരെയാണ് പരാതി. റെയ്‌നി പൊലീസ് സ്റ്റേഷൻ രാജ്ഗഡ് സർക്കിളിന് കീഴിലാണ്.

ഒരു വർഷത്തിലേറെയായി പ്രതികൾ തന്നെ പീഡിപ്പിക്കുകയാണെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. പീഡനം നടക്കുമ്പോൾ കുട്ടി പ്രായപൂർത്തിയായിരുന്നില്ലെന്നും പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ്മ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില് കോൺസ്റ്റബിൾമാർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ഡി (കൂട്ടബലാത്സംഗം), കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കൽ (പോക്‌സോ) ആക്ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് റെയ്‌നി പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരിക്കുന്നത്. പൊലീസുകാരെ പോസ്റ്റിംഗ് സ്ഥലങ്ങളിൽ നിന്ന് തിരികെ വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *