ഇന്റലിജൻസ് ബ്യൂറോയിലെ (ഐബി) വനിതാ ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ, കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. കേസിൽ പ്രതി ചേർക്കപ്പെട്ട സഹപ്രവർത്തകനായ സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യ ഹർജിയിലാണ് കേസിന്റെ വിവരങ്ങൾ അടങ്ങിയ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്.സുകാന്തിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യ ഹർജി ഈ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഇതിനിടെ, യുവതിയുടെ മാതാവിനെ നേരത്തെ തന്നെ കോടതി കേസിൽ കക്ഷിയാക്കിയിരുന്നു.
മാർച്ച് 24ന് പേട്ട റെയിൽവേ മേൽപാലത്തിന് സമീപത്തുള്ള ട്രാക്കിലാണ് ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സുകാന്ത് ഒളിവിൽ പോയിരുന്നു .
യുവതിയുടെ മരണത്തിൽ സുകാന്തിന് പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ വീട്ടുകാർ വിവാഹം എതിർത്തതോടെയാണ് ദമ്പതികൾ നെടുമ്പാശേരിയിൽ ഒരുമിച്ചുതാമസിക്കാൻ തീരുമാനിച്ചത് എന്നും, മാതാപിതാക്കളുടെ സമ്മർദ്ദം കാരണമാണ് ഐ ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തതെന്നാണ് സുകാന്തിന്റെ വാദം. എന്നാൽ, വീട്ടുകാർ വിവാഹാലോചനയുമായി എത്തി എന്നത് തെറ്റായ വിവരമാണെന്ന് യുവതിയുടെ ബന്ധുക്കൾ വ്യക്തമാക്കി.ഇതിനിടെ യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ അടിസ്ഥാനപ്പെടുത്തി സുകാന്തിനെതിരെ പൊലീസ് ബലാത്സംഗക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.