മലപ്പുറത്തെ വിവിധ വിദ്യാദ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തി വന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. ഉഗാണ്ട സ്വദേശിനിയായ 30 വയസുള്ള നാകുബുറെ ടിയോപിസ്റ്റ ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ബംഗളൂരു ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തുനിന്നാണ് അരീക്കോട് ഇൻസ്പെക്ടർ സിജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യുവതിയെ പിടികൂടിയത്.
കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കൽ സ്വദേശി അസീസ് (43), എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷമീർ ബാബു (42) എന്നിവരെ ഒരാഴ്ച മുമ്പ് 200 ഗ്രാമോളം എം.ഡി.എം.എയുമായി അരീക്കോട് തേക്കിൻച്ചുവട് വെച്ച് പിടികൂടിയിരുന്നു. ബംഗളൂരുവിൽനിന്ന് എത്തിച്ച ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
ഇവർക്ക് ലഹരി മരുന്ന് നൽകിയ പൂവത്തിക്കൽ സ്വദേശി അനസ്, കണ്ണൂർ മയ്യിൽ സ്വദേശി സുഹൈൽ എന്നാവരെയും പോലീസ് പിടികൂടി. പിന്നാലെയാണ് സംഘത്തിലെ പ്രധാനിയായ ഉഗാണ്ട യുവതി വലയിലായത്. ഇതോടെ കേസിൽ പിടിയിലാകുന്ന പ്രതികളുടെ എണ്ണം അഞ്ചായി. 10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നു പിടികൂടിയത്.
കൂടാതെ എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങളും പിടിച്ചെടുത്തി. പിടിയിലായ അസീസിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ലഹരിക്കടത്ത്, റോബറി, കളവ് ഉൾപ്പെടെ 50ഓളം കേസുകൾ ഉണ്ട്. ആന്ധ്രാപ്രദേശിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടി ജയിലിൽ കിടന്നിട്ടുണ്ട്. രണ്ടു തവണ കാപ്പയിലും പിടിക്കപ്പെട്ടിട്ടുണ്ട്. പിടിയിലായ ഷമീറിന് കരിപ്പൂർ നിലമ്പൂർ സ്റ്റേഷനിൽ അടിപിടി, ലഹരിയുമായി ബന്ധപ്പെട്ട കേസുകളുണ്ട്.
ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഉഗാണ്ടൻ സ്വദേശിനി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിൽ ഉൾപ്പെട്ട മറ്റ് നൈജീരിയൻ സ്വദേശികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി. പ്രതികൾ ലഹരി വിൽപനയിലൂടെ സമ്പാദിച്ച വാഹനങ്ങളും വസ്തു വകകളും കണ്ടുകെട്ടാനുള്ള നടപടികളും പുരോഗമിച്ചുവരികയാണ്.