അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

പശ്ചിമബംഗാളിൽ അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു. പശ്ചിമബംഗാളിലെ മാൽഡയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. രണ്ട് ദിവസമായി കുട്ടിയെ കാണാതായതിനെ തുടർന്ന് ബംഗാൾ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിയുടെ പിതാവിനോട് പ്രതിക്കുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവത്തെ തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം പ്രതിയുടെ വീട് അടിച്ചു തകർത്തു.

ജനുവരി 29 മുതൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കുടുംബം മാൽഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെതുടർന്ന് മാൽഡ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മധ്യവയസ്കനായ ഒരാൾ ബൈക്കിലെത്തി പെൺകുട്ടിയെ കൂട്ടികൊണ്ടുപോവുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് പരിസരവാസികളുടെ സഹായത്തോടെ ബൈക്ക് ഓടിച്ച ആളെ പൊലീസ് തിരിച്ചറിഞ്ഞു. പെൺകുട്ടിയുടെ ബന്ധു കൂടെയായ പ്രതിയെ അടുത്ത ദിവസം തന്നെ പൊലീസ് പിടികൂടി.

ചോദ്യം ചെയ്യലിൽ ഇയാൾ ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. പ്രതിയുടെ സഹായത്തോടെയാണ് പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെടുത്തത്. പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശരീരഭാഗങ്ങൾ ഒരു ഗോഡൗണിന് മുകളിലേക്ക് തള്ളുകയായിരുന്നു. മുമ്പ് പലതവണ കുട്ടിയുടെ പിതാവ് തന്നെ പൊതുസ്ഥലത്ത് വെച്ച് അപമാനിക്കുകയും മർദിക്കുകയും ചെയ്തതിട്ടുണ്ടെന്നും അതിനാലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നൽകി. കൊലപാതകത്തിനുമുൻപായി പ്രതി പെൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.  

Leave a Reply

Your email address will not be published. Required fields are marked *