ഇന്ത്യയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം റദ്ദാക്കിയതിൽ പ്രതികരിച്ച് ട്രംപ്

ഇന്ത്യയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം റദ്ദാക്കിയതിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്ത്. ഇന്ത്യ ഉയർന്ന തോതിൽ ടാക്സ് ഈടാക്കുന്നതിനാൽ കൈയിൽ നിറയെ പണമുണ്ടാകുമെന്നാണ് ട്രംപിന്റെ പ്രസ്താവന. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് നൽകി വരുന്ന 21 മില്യൺ ഡോളർ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ് കഴിഞ്ഞ ദിവസം നിർത്തലാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപ് വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തു വന്നത്.

“ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ എന്തിനാണ് നൽകുന്നത്? അവർക്ക് ധാരാളം പണമുണ്ട്. അമേരിക്കയുടെ കാര്യത്തിൽ അവർ ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി നൽകുന്ന രാജ്യങ്ങളിലൊന്നാണ്. അവരുടെ താരിഫുകൾ വളരെ ഉയർന്നതിനാൽ നമുക്ക് അവിടെ പ്രവേശിക്കാൻ പ്രയാസമാണ്. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വലിയ ബഹുമാനമുണ്ട്, പക്ഷേ വോട്ടർ പങ്കാളിത്തത്തിന് 21 മില്യൺ ഡോളർ നൽകുന്നത് എന്തിനാണ്? എന്നും ട്രംപ് ചോദിച്ചു.

ട്രംപിന്റെ പ്രസ്താവന വിവാദത്തിലേക്കാണ് വഴിവച്ചത്. യുഎസ് ഇന്ത്യയിലെ വോട്ടർ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് ഇലക്ഷൻ കമ്മീഷന്- 21 മില്യൺ ഡോളർ നൽകിയെന്നാണ് ഉയരുന്ന ആരോപണം. ഈ വെളിപ്പെടുത്തൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം ആവശ്യമാണെന്ന് ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടു.

അതേസമയം മുൻ ചീഫ് ഇലക്ഷന് കമ്മീഷണർ എസ് വൈ ഖുറേഷി ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് യുഎസ്എഐഡിയുമായി ബന്ധമുണ്ടെങ്കിലും അതിൽ സാമ്പത്തിക സഹായം ഉൾപ്പെട്ടിട്ടില്ലെന്ന് ഖുറേഷി പറഞ്ഞു. അതേസമയം, കോൺഗ്രസും ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ വിദേശ ഇടപെടലിനെ അപലപിച്ചിട്ടുണ്ട്. യുഎസ്എഐഡിയുടെ അവകാശവാദങ്ങൾ അന്വേഷിക്കാനും എന്തെങ്കിലും തിരിമറി കണ്ടെത്തിയാൽ നടപടി സ്വീകരിക്കാനും മോദി സർക്കാരിനോട് നേതാക്കൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *