ബഹ്റൈനെ ജിസിസി റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം

ബഹ്‌റൈന്റെ ആഭ്യന്തര റെയിൽ ശൃംഖലയെ ജി.സി.സി റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭയിലാണ് അംഗീകാരം നൽകിയത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയുടെ മെമ്മോറാണ്ടത്തെ അടിസ്ഥാനമാക്കിയാണ് നിർദേശം.

ബഹ്റൈനിലെ ആഭ്യന്തര റെയിൽ ശൃംഖല വികസിപ്പിക്കുന്നതിനും അതിനെ ജി.സി.സി റെയിൽ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളും മാർഗനിർദേശങ്ങളുമാണ് മെമ്മോറാണ്ടം മുന്നോട്ട് വെച്ചത്.

ജി.സി.സി രാജ്യങ്ങളുമായുള്ള ബന്ധം ഏകീകരിക്കൽ, യാത്രാസൗകര്യം മെച്ചപ്പെടുത്തൽ, വാണിജ്യ വ്യവസായ രംഗത്തെ പ്രോത്സാഹനം എന്നിവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സമയക്രമവും മറ്റു വിവരങ്ങളും വരും മാസങ്ങളിൽ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *