ഗാർഹിക തൊഴിലാളികളുടെ പെർമിറ്റുകൾ മറ്റു വിസകളിലേക്ക് മാറ്റുന്നതിനെ തടയണമെന്നും ലേബർ മാർക്കറ്റ് നിയമം ഭേദഗതി ചെയ്യണമെന്നുമുള്ള നിർദേശവുമായി എം.പി മറിയം അൽ സയേദ്. നിർദേശ പ്രകാരം വീട്ടു ജോലി എടുക്കുന്ന വ്യക്തിക്ക് ആ വീട്ടിൽ തന്നെതുടരാനോ മറ്റൊരു വീട്ടിലേക്ക് മാറാനോ അനുമതിയുണ്ടായിരിക്കുകയുള്ളൂ. അതുമല്ലെങ്കിൽ രാജ്യം വിടണം. ഗാർഹിത തൊഴിലാളികളുടെ പെർമിറ്റ് വീട്ടു ജോലിക്ക് പുറത്തുള്ള മറ്റു ജോലികൾക്കായി അനുവദിക്കരുതെന്നാണ് നിർദേശം മുന്നോട്ട് വെക്കുന്നത്.
ഇത്തരക്കാർക്ക് വാണിജ്യ പ്രവർത്തനങ്ങളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്നത് മാൻപവർ ഏജൻസികൾ വഴി അവരെ നിയമിച്ച പൗരന്മാർക്ക് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും കരട് നിയമത്തോടൊപ്പം നൽകിയ വിശദീകരണ മെമ്മോറാണ്ടത്തിൽ എം.പി വിശദീകരിച്ചിട്ടുണ്ട്. കൂടാതെ യഥാർഥ കരാറിന് പുറത്തെ ജോലികൾക്ക് തയാറാകുമ്പോൾ അനധികൃതമായ ജോലിചെയ്യാനും അതുവഴി ഇവർ ചൂഷണത്തിന് വിധേയരാവാനും കാരണമാകുമെന്നാണ് എം.പിയുടെ ഭാഷ്യം.