ടെന്‍റ് സീസണിനായി നവംബർ രണ്ട് മുതൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കും

ബഹ്റൈനിൽ ഈ വർഷത്തെ ടെന്‍റ് സീസന്‍റെ ഭാഗമായി നവംബർ രണ്ട് മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നു. ഇതിനായി പ്രത്യേകം തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് രജിസ്ട്രേഷൻ. ടെന്‍റ് സീസണുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത കോർഡിനേഷൻ യോഗത്തിൽ ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ അധ്യക്ഷത വഹിച്ചു. വിവിധ സർക്കാർ വിഭാഗങ്ങളും മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇപ്രാവശ്യം ടെന്‍റ് സീസൺ നടത്തുന്നതിന് അംഗീകാരം നൽകിയ ഭരണാധികാരികൾക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

നവംബർ 10 മുതൽ ഫെബ്രുവരി 29 വരെയായിരിക്കും ഇത്തവണത്തെ ടെന്‍റ് സീസണെന്ന് ഗവർണർ വ്യക്തമാക്കി. സുരക്ഷിതവും സമാധാനപരമായതുമായ ടെന്‍റ് സീസൺ ഒരുക്കാൻ വിവിധ വിഭാഗങ്ങളെ യോഗത്തിൽ ചുമതലപ്പെടുത്തി. യോഗത്തിൽ പബ്ലിക് സെക്യൂരിറ്റി അസി. ചീഫ് ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ ഹറം, ഉപ ഗവർണർ കേണൽ ഹമദ് മുഹമ്മദ് അൽ ഖയ്യാത്ത്, റിഫ പൊലീസ് മേധാവി കേണൽ ശൈഖ് സൽമാൻ ബിൻ അഹ്മദ് ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *