കനത്ത മഴയിലും വെള്ളക്കെട്ടിലും നാശനഷ്ടം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിട്ടു. മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയത്തോടും പൊതുമരാമത്ത് മന്ത്രാലയത്തോടും നാശനഷ്ടം വിലയിരുത്താനും നിർദേശിച്ചു.
മഴക്കെടുതി പ്രതികൂലമായി ബാധിച്ച പ്രദേശങ്ങൾ കണ്ടെത്തി നിലവിലുള്ള പ്രശ്നങ്ങളും ഭാവിയിൽ വന്നേക്കാവുന്ന ആവശ്യങ്ങളും നിറവേറ്റുന്നതിനായി മികച്ച രീതിയിൽ അടിസ്ഥാന സൗകര്യങ്ങളും ഡ്രെയിനേജ് സംവിധാനവും വികസിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.
ഉദ്യോഗസ്ഥർ അശ്രാന്ത പരിശ്രമം നടത്തി വെള്ളപ്പൊക്കമുണ്ടായ റോഡുകളും ഹൈവേകളും ചൊവ്വാഴ്ച വൃത്തിയാക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മഴ ശമിച്ചിരുന്നു. കെട്ടിക്കിടന്ന വെള്ളം പമ്പ് ചെയ്ത് മാറ്റി. ബുധനാഴ്ച തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞായറാഴ്ച മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ.