കുടുംബക്ഷേമം ലക്ഷ്യമിട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഭാര്യ ശൈഖ ഹിന്ദ് ബിൻത് മക്തൂം പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. തൊഴിൽ-കുടുംബ ജീവിതത്തിന്റെ സന്തുലിതത്വമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ശൈഖ ഹിന്ദ് ബിൻത് മക്തൂം ഫാമിലി പ്രോഗ്രാം എന്നാണ് പദ്ധതിയുടെ പേര്. സർക്കാർ ജീവനക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ദമ്പതികൾക്ക് 10 ദിവസത്തെ ശമ്പളാവധിയാണ് പ്രോഗ്രാമിലെ പ്രധാന നിർദേശം. തൊഴിലെടുക്കുന്ന മാതാവിന് പ്രസവാവധിക്ക് ശേഷം ഒരു വർഷം വെള്ളിയാഴ്ചകളിൽ വീട്ടിൽനിന്ന് ജോലി ചെയ്യാനുള്ള അവസരമൊരുക്കും.
പ്രതിമാസം 30,000 ദിർഹത്തിൽ താഴെ വരുമാനമുള്ളവർക്ക് 3000 ദിർഹത്തിന്റെ ഭവന വായ്പാ ഇളവും പദ്ധതി ശിപാർശ ചെയ്യുന്നു. വിവാഹജീവിതം ആരംഭിച്ചവർക്കായി വീട് വെക്കാനായി പരിശീലന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തവണത്തെ ജനുവരി നാലിലെ സ്ഥാനാരോഹണ ദിനം തന്റെ ഭാര്യക്ക് ആദരവർപ്പിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് അടയാളപ്പെടുത്തിയിരുന്നു. എക്സ് അക്കൗണ്ടിൽ മനോഹരമായ കുറിപ്പും വിഡിയോ ചിത്രീകരണവും പങ്കുവെച്ചാണ് അദ്ദേഹം ആദരവർപ്പിച്ചത്. എന്റെ ജീവിതത്തിലെ പങ്കാളി മാത്രമല്ല, എന്റെ പിന്തുണയും ശക്തിയും എല്ലാറ്റിലും എപ്പോഴും എന്റെ കൂടെ നിന്നവളുമാണ് ഭാര്യയെന്ന് അദ്ദേഹം കുറിക്കുകയും ചെയ്തിരുന്നു.
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് ഭാര്യയെന്നും ദുബൈയുടെ ആത്മാവാണ് അവരെന്നും ശൈഖ് മുഹമ്മദ് സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 2006 ജനുവരി നാലിനാണ് ശൈഖ് മുഹമ്മദ് ദുബൈയുടെ ഭരണാധികാരിയായി ചുമതലയേറ്റത്.