സിറിയൻ വിദേശകാര്യമന്ത്രി യുഎഇയിൽ ; യുഎഇ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
സിറിയയിലെ പുതിയ താൽക്കാലിക സർക്കാറിലെ വിദേശകാര്യ മന്ത്രി അസ്അദ് അൽ ശൈബാനി അബൂദബിയിലെത്തി യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ചുമതലയേറ്റശേഷം ആദ്യമായാണ് സിറിയൻ സർക്കാർ പ്രതിനിധികൾ യു.എ.ഇയിലെത്തുന്നത്.
സിറിയയുടെ ഐക്യവും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്ന യു.എ.ഇയുടെ ഉറച്ച നിലപാട് ശൈഖ് അബ്ദുല്ല പങ്കുവെക്കുകയും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
സിറിയൻ പ്രതിരോധ മന്ത്രി മുർഹഫ് അബൂ ഖസ്റ, പുതിയ ഇന്റലിജൻസ് മേധാവി അനസ് ഖത്താബ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്. സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ സന്ദർശിച്ചശേഷം സിറിയൻ സംഘം യു.എ.ഇയിലെത്തിയത്. ജോർഡനും ഇവർ സന്ദർശിക്കുന്നുണ്ട്.
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും നേരത്തേ ഡമാസ്കസ് സന്ദർശിച്ചിരുന്നു.