തൊഴിലാളികൾക്കായി പുതുവർഷ ആഘോഷം സംഘടിപ്പിച്ച് ദുബൈ താമസ കുടിയേറ്റ വകുപ്പ്
തൊഴിലാളികൾക്കായി പുതുവത്സരാഘോഷം സംഘടിപ്പിച്ച് ദുബൈ താമസ കുടിയേറ്റ വകുപ്പ്. മൊത്തം അഞ്ച് ലക്ഷം ദിർഹമിന്റെ സമ്മാനങ്ങൾ ഉൾപ്പെടെ നൽകിയാണ് ബ്ലൂ കോളർ തൊഴിലാളികൾക്കായി ആഘോഷം സംഘടിപ്പിച്ചത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ അണിനിരന്ന ആഘോഷത്തിൽ ദുബൈയിലെ അഞ്ച് കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്. ദുബൈ അൽ ഖൂസിലാണ് പ്രധാന ചടങ്ങ് നടന്നത്. ഇവിടെ മാത്രം പതിനായിരത്തിലധികം ആളുകൾ എത്തിച്ചേർന്നു.
‘നേട്ടങ്ങൾ ആഘോഷിക്കുന്നു, ഭാവി കെട്ടിപ്പടുക്കുന്നു’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. താമസ കുടിയേറ്റ വകുപ്പ് അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, ജി.ഡി.ആർ.എഫ്.എ ദുബൈയുടെ വർക്ക് റെഗുലേഷൻ സെക്ടർ അസി. ഡയറക്ടർ മേജർ ജനറൽ ഡോ. അലി അബ്ദുല്ല ബിൻ അജിഫ്, ലഫ് കേണൽ ഖാലിദ് ഇസ്മായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈകീട്ട് നാലിന് തുടങ്ങിയ പരിപാടി പുലർച്ച വരെ നീണ്ടുനിന്നു.
നടിയും മോഡലുമായ പൂനം പാണ്ഡെ, ഗായിക കനിക കപൂർ, നടന്മാരായ റോമൻ ഖാൻ, വിശാൽ കോട്ടിയൻ, ഗായകൻ രോഹിത് ശ്യാം റൗട്ട് തുടങ്ങിയവരുടെ കലാ പ്രകടനവും ആഘോഷരാവിന് ആവേശം പകർന്നുകൊണ്ട് ശ്രദ്ധേയമായ 17 കലാപ്രകടനങ്ങളും വേദിയിൽ അരങ്ങേറി.
കാറുകൾ, സ്വർണനാണയങ്ങൾ, ഇ-സ്കൂട്ടറുകൾ, വിമാന ടിക്കറ്റുകൾ മൊബൈൽ ഫോണുകൾ തുടങ്ങിയവ 200ലധികം വിജയികൾക്ക് സമ്മാനമായി നൽകി.
തൊഴിലാളികളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും അവരെ ആദരിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
അതിഥികളുടെ സുരക്ഷക്കും സൗകര്യത്തിനും മുൻഗണന നൽകിയാണ് ജി.ഡി.ആർ.എഫ്.എ പരിപാടി സംഘടിപ്പിച്ചതെന്ന് അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ഡയറക്ടറേറ്റിലെ നൂറിലധികം സന്നദ്ധ പ്രവർത്തകർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. അതേസമയം നാല് പൊലീസ് പട്രോളിങ്ങും 80 ഉദ്യോഗസ്ഥരും സുരക്ഷ ഉറപ്പാക്കാൻ രംഗത്തുണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.