ദുബൈ എമിറേറ്റിലെ റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ച സമയത്തെക്കുറിച്ച് ട്രക്ക് ഡ്രൈവർമാരെ ബോധവത്കരിക്കാൻ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) കാമ്പയിൻ ആരംഭിച്ചു. വൈകീട്ട് 5.30 മുതൽ എട്ടു വരെ അൽ അവീറിൽനിന്ന് ഷാർജ വരെയുള്ള എമിറേറ്റ്സ് റോഡിന്റെ ഭാഗത്ത് ട്രക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ബോധവത്കരണം ആരംഭിച്ചത്.
ദുബൈ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സുമായി സഹകരിച്ചാണ് എമിറേറ്റിലെ ട്രക്ക് മൂവ്മെന്റ് നിരോധന നയം, ലൊക്കേഷനുകൾ, ഹെവി വാഹനങ്ങൾക്കുള്ള ട്രാഫിക് സുരക്ഷ എന്നിവയെക്കുറിച്ച് ഫീൽഡ് ബോധവത്കരണം നടത്തുന്നത്. എമിറേറ്റ്സ് റോഡിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുമായി ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകളിൽ ട്രക്ക്, ഹെവി വെഹിക്കിൾ ഡ്രൈവർമാരെ നേരിട്ട് കണ്ടാണ് ബോധവത്കരണം. പദ്ധതിയുടെ ഭാഗമായി സമ്മാനങ്ങളും അറബി, ഇംഗ്ലീഷ്, ഉർദു എന്നി മൂന്ന് ഭാഷകളിൽ ബ്രോഷറുകളും വിതരണം ചെയ്യുന്നുണ്ട്. ഇവ നിരോധന സമയത്തെക്കുറിച്ച് വിശദമായി വിവരം നൽകുന്നതാണ്. അതോടൊപ്പം ദുബൈയിലെ റോഡുകളുടെ സമഗ്രമായ ഭൂപടവും ഇതിലുണ്ട്. ആയിരം ഡ്രൈവർമാരുമായി കാമ്പയിനിന്റെ ഭാഗമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.