ദുബൈയിലെ അൽ മംസാർ കോർണിഷിലെ ബീച്ച് ഫ്രണ്ട് വികസിപ്പിക്കുന്നതിനായി ‘അൽ മംസാർ ബീച്ച് വികസന പദ്ധതി’യുടെ രണ്ടാം ഘട്ടത്തിന് കരാർ നൽകി. 40കോടി ദിർഹം ചെലവിൽ നടപ്പാക്കുന്ന പദ്ധതി 2025 അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഉത്തരവനുസരിച്ച് ദുബൈ മുനിസിപ്പാലിറ്റിയാണ് കരാർ നൽകിയത്. 1,25,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന അൽ മംസാർ കോർണിഷ് ബീച്ചിൽ സ്ത്രീകൾക്കായി പൊതു ബീച്ചും പദ്ധതിയിൽ രൂപപ്പെടുത്തും.
സ്വകാര്യതയും സുരക്ഷയും നിലനിർത്തുന്നതിന് പ്രവേശനത്തിന് ഗേറ്റ് സൗകര്യവും ഫെൻസിങ്ങും നിർമിക്കും. രാത്രി നീന്താൻ സൗകര്യമൊരുക്കുന്ന ലേഡീസ് ബീച്ചിൽ സ്പോർട്സ് ക്ലബ്, വാണിജ്യ സേവനങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവയടക്കമുള്ള സൗകര്യങ്ങളും ഒരുക്കും. അൽ മംസാർ ക്രീക്ക് ബീച്ചിനെയും അൽ മംസാർ പാർക്കിനെയും ബന്ധിപ്പിക്കുന്ന 1000 മീറ്റർ ഓട്ടം, നടത്തം, സൈക്ലിങ് പാതകളും ഇവിടെയുണ്ടാകും. അതോടൊപ്പം പച്ചപ്പണിഞ്ഞ സ്ഥലങ്ങളും രൂപപ്പെടുത്തും. സീസണൽ ഇവന്റുകൾക്കും പരിപാടികൾക്കുമായി 5000 ചതുരശ്ര മീറ്റർ ഏരിയ, 2000 ചതുരശ്ര മീറ്റർ സ്കേറ്റ്ബോർഡിങ് ഏരിയ, കുട്ടികളുടെ കളിസ്ഥലങ്ങൾ, വിശ്രമമുറികൾ, ബീച്ച് ലോഞ്ചുകൾ എന്നിവ സൗകര്യങ്ങളിൽ ഉൾപ്പെടും. ടോയ്ലറ്റുകൾ, വസ്ത്രം മാറുന്ന മുറികൾ, ഷവറുകൾ, ഭിന്നശേഷിക്കാർക്കുള്ള സേവനങ്ങൾ എന്നിവയുൾപ്പെടെ പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളും ദുബൈ മുനിസിപ്പാലിറ്റി കോർണിഷിൽ സജ്ജീകരിക്കും. അഡ്മിനിസ്ട്രേറ്റിവ് കെട്ടിടത്തിൽ കൺട്രോൾ റൂമും പ്രഥമ ശുശ്രൂഷ കേന്ദ്രവും ഉണ്ടായിരിക്കും. നിർമിത ബുദ്ധി സൗകര്യമുള്ള നിരീക്ഷണ സംവിധാനങ്ങൾ, മുങ്ങൽ രക്ഷാപ്രവർത്തന സംവിധാനങ്ങൾ, ക്രൗഡ് മാനേജ്മെന്റ് ടൂളുകൾ, സ്മാർട്ട് ലഗേജ് ലോക്കറുകൾ എന്നിവയുൾപ്പെടെയുള്ള സ്മാർട്ട് സേവനങ്ങളും ഉറപ്പാക്കും.