‘പവർ സിറ്റി സൂചിക’ മേഖലയിൽ ദുബൈ ഒന്നാം സ്ഥാനത്ത് ; നേട്ടം പങ്കുവെച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങളെ ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തി തയാറാക്കുന്ന ‘പവർ സിറ്റി സൂചിക’യിൽ മേഖലയിൽ ദുബൈ ഒന്നാമത്. 2024ലെ ഗ്ലോബൽ പവർ സിറ്റി ഇൻഡക്സിൽ പ്രാദേശികതലത്തിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാം സ്ഥാനവുമാണ് ദുബൈ കരസ്ഥമാക്കിയത്.
തുടർച്ചയായ രണ്ടാം വർഷമാണ് നഗരം ഈ നേട്ടം കൈവരിക്കുന്നത്. ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ സ്ട്രാറ്റജീസ് പുറത്തിറക്കിയ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടുന്ന ആദ്യത്തെ പശ്ചിമേഷ്യൻ നഗരമായും ദുബൈ മാറി. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് എക്സ് അക്കൗണ്ട് വഴി നേട്ടം പുറത്തുവിട്ടത്.
ഒരു നഗരത്തിന്റെ യഥാർഥ ശക്തി അതിന്റെ വലുപ്പത്തിലോ ജനസംഖ്യയിലോ അല്ല, മറിച്ച് അതിന്റെ കാഴ്ചപ്പാടിലും അഭിലാഷത്തിലും ലോകത്തെ പ്രചോദിപ്പിക്കാനുള്ള കഴിവിലുമാണെന്ന് ശൈഖ് ഹംദാൻ നേട്ടം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ദുബൈയുടെ കരുത്തും നിശ്ചയദാർഢ്യവും നവീകരണവും അതിന്റെ പുരോഗതിയെ നയിക്കുകയും ശോഭനമായ ഭാവി രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടൻ, ന്യൂയോർക്, ടോക്യോ, പാരിസ്, സിംഗപ്പൂർ, സോൾ, ആംസ്റ്റർഡാം, ബർലിൻ, മഡ്രിഡ് എന്നിവയാണ് 2024ലെ ഗ്ലോബൽ പവർ സിറ്റി സൂചികയിലെ മറ്റു മികച്ച നഗരങ്ങൾ. ലോകമെമ്പാടുമുള്ള ആളുകളെയും മൂലധനത്തെയും സംരംഭങ്ങളെയും ആകർഷിക്കുന്നതിനുള്ള സമഗ്രമായ ശക്തിയെ അടിസ്ഥാനമാക്കി വിലയിരുത്തിയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.
ആറു മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് സാധാരണ ഇതു കണക്കാക്കുന്നത്. സാമ്പത്തികം, ഗവേഷണവും വികസനവും, സാംസ്കാരിക ഇടപെടൽ, ജീവിതക്ഷമത, പരിസ്ഥിതി, പ്രവേശനക്ഷമത എന്നിവയാണത്. തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആഗോള നഗരങ്ങളുടെ ശക്തിയും ബലഹീനതയും വെല്ലുവിളികളും റാങ്കിങ്ങിലൂടെ വിലയിരുത്തുകയാണ് ചെയ്യുന്നത്.