അല്‍ വത്ബയില് നടന്നുവരുന്ന ശൈഖ് സായിദ് ഫെസ്റ്റിവല്‍ വേദിയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുക്കിയ ആഘോഷങ്ങളിലൂടെ ആറ് ലോകറെക്കോഡുകള്‍ സ്വന്തമാക്കി അബൂദബി.50 മിനിറ്റിലേറെ നീണ്ട വെടിക്കെട്ട്, ആറായിരം ഡ്രോണുകള്‍ ആകാശത്ത് തീര്‍ത്ത രൂപം എന്നിവയിലൂടെയാണ് അബൂദബി ലോക റെക്കോഡ് തിരുത്തിയത്.
ഹാപ്പി ന്യൂ ഇയര്‍ 2025 എന്ന വാചകവും ശൈഖ് സായിദിന്റെ ചിത്രവുമെല്ലാം ഡ്രോണുകള്‍ ആകാശത്ത് തീര്‍ത്തു. 2023ല്‍ 40 മിനിറ്റ് നീണ്ട വെടിക്കെട്ടിലൂടെയും 5000ത്തിലേറെ ഡ്രോണുകളെ വിന്യസിച്ചു നടത്തിയ ഷോയിലൂടെയും രചിച്ച റെക്കോഡുകളാണ് 2025നെ വരവേല്‍ക്കുന്ന ആവേശകരമായ ആഘോഷത്തിലൂടെ അബൂദബി തിരുത്തിക്കുറിച്ചത്. ഡ്രോണ്‍ ഷോ 20 മിനിറ്റിലേറെ നീണ്ടു.
യാസ് ഐലന്‍ഡിലെ കരിമരുന്ന് പ്രകടനം സമലിയ ദ്വീപ്, യാസ് ബേ വാട്ടര്‍ ഫ്രണ്ട്, യാസ് ബീച്ച്, യാസ്മറീന എന്നിവിടങ്ങളില്‍നിന്നെല്ലാം ദൃശ്യമായിരുന്നു. രാത്രി ഒമ്പതിനും അര്‍ധരാത്രിയിലും യാസ് ദ്വീപില്‍ വെടിക്കെട്ടുകള്‍ നടത്തി. അബൂദബി കോര്ണിലും പുതുവര്‍ഷത്തെ വരവേല്ക്കുന്നതിനുള്ള നിരവധി പരിപാടികളുണ്ടായിരുന്നു.